
ന്യൂഡൽഹി: ശബരിമല അയ്യപ്പന് മൗലികാവകാശങ്ങളുണ്ടെന്നും യുവതീപ്രവേശനം പാടില്ലെന്നും എൻ.എസ്.എസ് സുപ്രീംകോടതിയിൽ വാദിച്ചു. ശബരിമല യുവതീപ്രവേശനം അടക്കം വിശ്വാസ വിഷയങ്ങളിൽ വാദം കേൾക്കുന്ന 9 അംഗ ഭരണഘടനാ ബെഞ്ചിനെയാണ് നിലപാടറിയിച്ചത്. 10നും 50നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018ലെ വിധി പുനഃപരിശോധിക്കണം. ദേവന് നിയമപരമായ അസ്തിത്വമുണ്ട്. കാലങ്ങളായി തുടരുന്ന ആചാരത്തിൽ കോടതി ഇടപെടരുത്. ഇത്തരം കാര്യങ്ങൾ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും എൻ.എസ്.എസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തർ അറിയിച്ചു.
ആ വാദം വേണ്ട
കരസേനയിൽ സിഖ് മതത്തിലെ സൈനികന് താടിവയ്‌ക്കാൻ അനുമതിയുണ്ട്. എന്നാൽ മുസ്ലിം സമുദായത്തിലുള്ളവർക്ക് അനുവാദമില്ല. ഇക്കാര്യം അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോൾ കരസേനയുടെ കാര്യത്തിൽ വാദം വേണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രതികരിച്ചു. താടി വയ്‌ക്കുകയെന്നത് സിഖ് മതത്തിലെ അനിവാര്യമായ ആചാരമാണ്. മറ്റു സമുദായങ്ങളുമായി താരതമ്യം കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ദാവൂദി ബോറ സമുദായത്തിലെ ചേലാകർമ്മവും മുസ്ലിം പള്ളികളിൽ പ്രവേശിക്കുന്നതിനുള്ള വിലക്കും ചോദ്യംചെയ്‌ത ഹർജികളും ശബരിമല കേസിനൊപ്പം പരിഗണിക്കുന്നുണ്ട്. ഇതിലായിരുന്നു അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |