ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബന്ധപ്പെടുത്തുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌ത ബി.ബി.സിയെ നികുതി വെട്ടിപ്പിൽ കുടുക്കാനുള്ള ആദായ നികുതി പരിശോധന മുംബയ്, ഡൽഹി ഓഫീസുകളിൽ രണ്ടാം ദിവസവും തുടർന്നു. ഇന്നും പരിശോധന തുടർന്നേക്കും.
ഇന്ത്യയിൽ നിന്നുള്ള ലാഭവിഹിതത്തിന് നികുതി അടയ്ക്കുന്നതിൽ നടത്തിയ തിരിമറി കണ്ടെത്താൻ അക്കൗണ്ട് ബുക്കുകൾ, കമ്പ്യൂട്ടറുകൾ, ജീവനക്കാരുടെ മൊബൈലുകൾ എന്നിവയിലെ വിവരങ്ങൾ പകർത്തുന്ന ജോലിയാണ് പുരോഗമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയോടെ മാദ്ധ്യമ പ്രവർത്തകരെയും മറ്റ് ജീവനക്കാരെയും പോകാൻ അനുവദിച്ചെങ്കിലും സാമ്പത്തിക, അക്കൗണ്ട‌്‌സ് വിഭാഗം ജീവനക്കാരെ വിട്ടില്ല. പരിശോധനയുമായി പരമാവധി സഹകരിക്കുന്നുണ്ടെന്ന് ബി.ബി.സി അറിയിച്ചു.
ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌തതിന് പിന്നാലെയുള്ള പരിശോധന ദുഷ്‌ടലാക്കോടെയാണെന്ന് ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേർണൽ തുടങ്ങിയ അമേരിക്കൻ പത്രങ്ങൾ വിമർശിച്ചു.
വിമർശനങ്ങൾക്കുള്ള ഇത്തരം പ്രതികരണം വളർന്നുവരുന്ന ശക്തിയെന്ന നിലയിൽ ഇന്ത്യയ്‌ക്ക് ഭൂഷണമല്ലെന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടി.
2014 മുതൽ ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് വിമർശിച്ചു. യു.കെ സർക്കാർ മൗനം പാലിക്കുന്നതിനെക്കുറിച്ചായിരുന്നു
ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയന്റെ വിമർശനം. അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളും പ്രതിഷേധക്കുറിപ്പുകൾ ഇറക്കിയിട്ടുണ്ട്.
മാദ്ധ്യമ സ്വാതന്ത്ര്യം മുഖ്യമെന്ന് യു.എസ്
ലോകമെമ്പാടും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിനും പ്രാധാന്യമുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ബി.ബി.സി ഓഫീസ് പരിശോധനയുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രൈസ്. ആദായ നികുതി റെയ്ഡ് ജനാധിപത്യത്തിന് എതിരാണോ എന്ന ചോദ്യത്തിന് പ്രൈസ് കൃത്യമായ മറുപടി നൽകിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |