രാത്രി എട്ടോടെ പാകിസ്ഥാന്റെ ഡ്രോൺ, ഷെൽ ആക്രമണം
നഗ്രോത്തയിൽ സൈനിക കേന്ദ്രത്തിനു നേർക്കും ആക്രമണം
പാകിസ്ഥാനെ തകർക്കാൻ നിശ്ചയിച്ച് ഇന്ത്യ
ന്യൂഡൽഹി: അതിർത്തിയിലെ പ്രകോപനത്തിന് കനത്ത തിരിച്ചടി നേരിട്ടതോടെ വെടിനിറുത്തലിന് അഭ്യർത്ഥിച്ച് ഇന്ത്യയുടെ ഔദാര്യം നേടിയ പാകിസ്ഥാൻ മണിക്കൂറുകൾക്കകം തനിനിറം കാട്ടി.
ഇന്നലെ വൈകിട്ട് താത്കാലിക വെടിനിറുത്തൽ ഇന്ത്യ അംഗീകരിച്ചെങ്കിലും രാത്രിയോടെ ജമ്മു, രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിൽ ഡ്രോൺ, ഷെൽ ആക്രമണത്തിന് പാക് സേന മുതിർന്നു. ജമ്മുവിലെ നഗ്രോത്തയിൽ സൈനിക കേന്ദ്രത്തിനു നേർക്ക് പാക് ആക്രമണമുണ്ടായി. ശക്തമായി അപലപിച്ച ഇന്ത്യ കനത്ത മറുപടി നൽകാൻ സേനയ്ക്ക് നിർദ്ദേശം നൽകി. പാക് സേനയിലെ തീവ്ര ജിഹാദി വിഭാഗമാണ് രാജ്യത്തിന്റെ നിലനിൽപ്പുപോലും ഭീഷണിയിലാക്കുന്ന സാഹസത്തിന് മുതിർന്നത്. പാകിസ്ഥാന് നല്ല ബുദ്ധി തോന്നി ആക്രമണത്തിൽ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പറഞ്ഞു. തിങ്കളാഴ്ച നിശ്ചയിച്ച തുടർ ചർച്ച മാറ്റുമോ എന്ന് തീരുമാനിച്ചിട്ടില്ല.
അതേസമയം, സിന്ധു നദീജലം നൽകുന്നത് നിറുത്തിവച്ചതും സ്വീകരിച്ച മറ്റ് നയതന്ത്ര നടപടികളും തുടരാനാണ് ഇന്ത്യ തീരുമാനിച്ചത്. പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ബി.എസ്.എഫ് ഭടനെ മോചിപ്പിക്കണമെന്നും വെടിനിറുത്തൽ കരാറിൽ ആവശ്യപ്പെട്ടിരുന്നു.
പഹൽഗാമിലെ കൂട്ടക്കുരുതിക്ക് ഭീകര താവളങ്ങൾ തകർത്ത് പകരം ചോദിച്ച ഇന്ത്യയുടെ സൈനിക നടപടികളോട് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ബോധ്യംവന്നാണ് പാകിസ്ഥാൻ ഇന്നലെ വെടിനിറുത്തലിന് അപേക്ഷിച്ചത്. ഇനിയൊരു ആക്രമണം ഉണ്ടായാൽ യുദ്ധമാണെന്ന നിലപാട് പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ത്യ വെടിനിറുത്തലിന് സമ്മതിച്ചത്.
ഷെല്ലാക്രമണവും ഡ്രോൺ ആക്രമണവും നടത്തി നിരായുധരായ ഗ്രാമീണരെ ഭീതിയിലാഴ്ത്താനേ കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാന് കഴിഞ്ഞുള്ളൂ. ഇന്ത്യൻ പ്രതിരോധ, പ്രത്യാക്രമണ സംവിധാനങ്ങൾ അത്രമേൽ ശക്തമാണെന്ന് പ്രത്യാക്രമണങ്ങളിലൂടെ അവർക്ക് ബോദ്ധ്യമായിരുന്നു.
ഇന്നലെ വൈകിട്ട് 3.35ന് പാകിസ്ഥാൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ഇന്ത്യൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറലിനെ വിളിച്ച് വെടിനിറുത്താൻ അഭ്യർത്ഥിക്കുകയായിരുന്നു. വൈകുന്നരം അഞ്ചു മുതൽ കര, വ്യോമ, നാവിക സേനകളുടെ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വാർത്താ സമ്മേളനം നടത്തി അറിയിച്ചത്. നാളെ ഉച്ചയ്‌ക്ക് 12ന് ഇരു മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാരും വീണ്ടും സംസാരിക്കാനും തീരുമാനിച്ചു. യു.എസും സൗദിയും നടത്തിയ ഇടപെടലുകളും പാകിസ്ഥാനെ പിൻവാങ്ങാൻ പ്രേരിപ്പിച്ചു.
ആദ്യം പ്രഖ്യാപിച്ചത് ട്രംപ്
വൈകിട്ട് ആറുമണിക്ക് വിദേശകാര്യ മന്ത്രാലയം പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കാനിരിക്കെ തന്റെ ട്രൂത്ത് സമൂഹമാദ്ധ്യമ ചാനലിലൂടെ വെടിനിറുത്തൽ തീരുമാനം പുറത്തുവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ രാത്രി നീണ്ട ചർച്ചകളാണ് വഴിതെളിച്ചതെന്ന് അവകാശവാദം. പിന്നാലെ വെടിനിറുത്തൽ സ്ഥിരീകരിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിന്റെ പ്രഖ്യാപനം. വൈകിട്ട് 6ന് പത്രസമ്മേളനത്തിൽ വിക്രം മിസ്രി ഇത് സ്ഥിരീകരിച്ചു.
യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനൊപ്പം രണ്ട് ദിവസമായി പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദി, ഷെഹ്ബാസ് ഷെരീഫ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവൽ, അസിം മാലിക്, പാക് കരസേനാ മേധാവി അസിം മുനീർ എന്നിവരുമായി ചർച്ച നടത്തി
വെടിനിറുത്തലിന് അന്തരീക്ഷമൊരുക്കി സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ എന്നിവരുമായി ചർച്ച നടത്തി.
തിരിച്ചടിക്കും: സേന
വെടിനിറുത്തൽ ധാരണ ലംഘിച്ച സ്ഥിതിക്ക് രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ സായുധ സേനകൾ അങ്ങേയറ്റം വരെ പോകുമെന്ന് നാവികസേനയുടെ മലയാളി കമ്മഡോർ രഘു. ആർ. നായർ അറിയിച്ചു. രാജ്യത്തിന്റെ പ്രതിരോധത്തിനായി ആവശ്യമായ ഏത് നടപടിക്കും സേന സജ്ജമാണ്. ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, ഭുജ്, നാളിയ തുടങ്ങിയ സ്ഥലങ്ങളിലെ വ്യോമതാവളങ്ങളും ചണ്ഡീഗഡിലെയും ബിയാസിലെയും ആയുധപ്പുരകളും നശിപ്പിച്ചെന്ന പാക് വാദം തെളിവു സഹിതം പൊളിച്ചു. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ പള്ളികൾ ലക്ഷ്യമിട്ടെന്ന ആരോപണങ്ങളും തള്ളി. എല്ലാ വിശ്വാസങ്ങളെയും ഇന്ത്യ ബഹുമാനിക്കുന്നു. ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടത്. ഒരു മതകേന്ദ്രവും ആക്രമിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |