ന്യൂഡൽഹി: ശനിയാഴ്‌ച അർദ്ധരാത്രി റോഡ് ഗ്രാമത്തിലെത്തിയ വിഘടവാദി നേതാവ് അമൃത്‌പാൽ സിംഗ് കീഴടങ്ങുമെന്ന് അനുയായികളെ അറിയിച്ചിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് സംഗത് (പ്രത്യേക സഭ) അഭിസംബോധന ചെയ്തു. തുടർന്ന് വസ്ത്രങ്ങളും മറ്റും പാക്ക് ചെയ്തു. രാവിലെ ഏഴ് മണിയോടെ എസ്.എസ്.പി അജ്‌നാല, ഐ.ജി (ഇന്റലിജൻസ്) ജസ്‌കരൻ സിംഗ് എന്നിവർ അടങ്ങിയ സംഘത്തിന് മുന്നിൽ കീടങ്ങിയെന്നും അമൃത്‌പാലിന്റെ അനുയായികൾ പറയുന്നു. അതേസമയം വൻ ജനക്കൂട്ടത്തിന് മുന്നിൽ കീഴടങ്ങാനായിരുന്നു അമൃത്‌പാൽ ലക്ഷ്യമിട്ടതെന്നും പദ്ധതി യാഥാർത്ഥ്യമായില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്‌മി സർക്കാരിന്റെ യഥാർത്ഥ മുഖം അനാവരണം ചെയ്യാൻ സാധിച്ചെന്ന് കീഴടങ്ങുന്നതിന് മുൻപ് പുറത്തുവിട്ട വീഡിയോയിൽ അമൃത്‌പാൽ പറഞ്ഞു.
മാർച്ച് 28 ന് അമൃത്പാൽ സുവർണ ക്ഷേത്രത്തിൽ കീഴടങ്ങാൻ പദ്ധതിയിട്ടിരുന്നു. ഇതിനിടെ ലണ്ടനിലേക്ക് കടക്കാൻ ശ്രമിച്ച അമൃത്പാൽ സിംഗിന്റെ ഭാര്യ കിരൺദീപ് കൗറിനെ ശ്രീ ഗുരു റാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മടക്കി അയച്ചു.
രൂപ്‌നഗർ ജില്ലയിലെ ചംകൗർ സാഹിബിൽ താമസിക്കുന്നയാളെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ അനുയായി ലവ് പ്രീതി സിംഗിനെ മോചിപ്പിക്കാൻ ലക്ഷ്യമിട്ട് ഫെബ്രുവരി 23ന് അജ്നാന പൊലീസ് സ്റ്റേഷൻ അക്രമിച്ചതോടെയാണ് പൊലീസ് അമൃത്‌പാലിനായി വലവിരിച്ചത്. മാർച്ച് 18ന് അമൃത് പാലിന്റെ വാഹന വ്യൂഹം ജലന്ധറിലെ ഷാഹ്കോട്ട് തഹ്സിലിലേക്ക് പോകുന്നതിനിടെ 50 വാഹനങ്ങളിലായെത്തിയ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും കടന്നുകളഞ്ഞു. പല വാഹനങ്ങളിൽ കയറിയും വേഷം മാറിയും അമൃത്‌പാൽ 35 ദിവസം ഒളിവിൽ കഴിഞ്ഞു.
നേരത്തെ കീഴടങ്ങിയ അമ്മാവൻ ഹർജീത് സിംഗ് അറസ്റ്റിലായ സഹായികളായ ദൽജീത് സിംഗ് കൽസി, പാപൽപ്രീത് സിംഗ്, കുൽവന്ത് സിംഗ് ധലിവാൾ, വരീന്ദർ സിംഗ്, ഗുർമീത് സിംഗ് ബുക്കൻവാല, ഹർജിത് സിംഗ്, ഭഗവന്ത് സിംഗ്, ഗുരീന്ദർ പാൽ സിംഗ് എന്നിവർ ദേശീയ സുരക്ഷാ നിയമം ചുമത്തി ദിബ്രുഗഡ് സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.
ഭിന്ദ്രൻവാലയെ
അനുകരിച്ച്...
ന്യൂഡൽഹി: സുവർണ ക്ഷേത്രത്തിൽ 1984ൽ നടന്ന ഓപ്പറേഷൻ ബ്ളൂസ്റ്റാറിൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവ് ഭിന്ദ്രൻവാലയുടെ പിൻഗാമിയായി സ്വയം വിശേഷിപ്പിച്ച് നടത്തിയ നീക്കങ്ങൾ അമൃത്പാലിന് വിനയായി. ഭിന്ദ്രൻവാലയെപ്പോലെ തോന്നിപ്പിക്കാൻ കണ്ണിന് ശസ്ത്രക്രിയ നടത്തിയിരുന്നു. സമാന വേഷം ധരിച്ചും ജീവിത ശൈലി മാറ്റിയും ഭിന്ദ്രൻവാലയോട് താത്പര്യമുള്ള വിഭാഗങ്ങളെ സ്വാധീനിക്കാൻ അമൃത്പാലിന് കഴിഞ്ഞു.
വാരിസ് പഞ്ചാബ് ദേ സംഘടനയുടെ തലവനായി ചുമതലയേറ്റശേഷം ഭിന്ദ്രൻവാല 2.0 എന്ന് സ്വയം വിശേഷിപ്പിച്ച് തലപ്പാവും പരമ്പരാഗത സിക്ക് വസ്ത്രങ്ങളും ചിഹ്നങ്ങളും ധരിച്ച് വേഷവിധാനം മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |