SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.41 PM IST

അംബാനി കുടുംബത്തിന്റെ ആഘോഷം, അനന്തും രാധികയും വിവാഹിതരായി

Increase Font Size Decrease Font Size Print Page

anant-ambani

മുംബയ്: അത്യാഡംബരത്തിൽ ലോകത്തിന്റെ കണ്ണഞ്ചിപ്പിച്ച ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും ഇന്നലെ വിവാഹിതരായി. ഇരുവരും 2017 മുതൽ പ്രണയത്തിലാണ്.

മുംബയിലെ ജിയോ വേൾഡ് സെന്ററിലാണ് താരനിബിഡമായ ചടങ്ങ് നടന്നത്. രാത്രി 8 മണിയോടെ വധൂവരന്മാർ പരസ്‌പരം ഹാരങ്ങൾ ചാർത്തി. 9.30ന് ഹോമകു‌ണ്ഠത്തിന് ഏഴ് പ്രക്ഷിണം ചെയ്യുന്ന ഫേരാ ചടങ്ങും നടന്നു.

കേന്ദ്രമന്ത്റിമാരും മുഖ്യമന്ത്റിമാരും പങ്കെടുക്കുന്ന ശുഭ് ആശിർവാദ് വിരുന്ന് ഇന്നും ബോളിവുഡ് സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മംഗൾ ഉത്സവ് നാളെയും നടക്കും. ഇന്ന് മുംബയിലെത്തുന്ന പ്രധാനമന്ത്റി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്തേക്കും. 15ന് റിലയൻസ് ജീവനക്കാർക്കായി വിരുന്നൊരുക്കും.

 പറന്നിറങ്ങി വമ്പന്മാർ

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്റിമാരായ ബോറിസ് ജോൺസൺ, ടോണി ബ്ലെയർ, യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ, അമേരിക്കൻ ടെലിവിഷൻ താരം കിം കർദാഷിയൻ, നടി പ്രിയങ്ക ചോപ്ര, രജനീകാന്ത്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്, യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക തുടങ്ങിയ വി.വി.ഐപികളുമായി നൂറിലേറെ സ്വകാര്യ വിമാനങ്ങളാണ് മുംബയിൽ പറന്നിറങ്ങിയത്. സൽമാൻ ഖാൻ മുതൽ യഷ് വരെ ഇന്ത്യൻ സെലിബ്രിറ്റികളുമുണ്ട്.

 അനന്ത് അംബാനി (29)

മുകേഷ് - നിത ദമ്പതികളുടെ ഇളയ മകൻ. ഇഷ, ആകാശ് സഹോദരങ്ങൾ. യു.എസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. റിലയൻസിന്റെ ഊർജ ബിസിനസിന്റെ മേൽനോട്ടം. റിലയൻസ് ഫൗണ്ടേഷൻ ബോർഡ് അംഗം. ജിയോ ഡയറക്ടർ. 4000 കോടി ഡോളർ ആസ്തി. മൃഗ സംരക്ഷണത്തിന് ജാംനഗറിൽ 3,000 ഏക്കറിൽ 'വനതാര' സാങ്‌ച്വറി സ്ഥാപിച്ചു.

 രാധിക മെർച്ചന്റ് (29)

ഫാർമസ്യൂട്ടിക്കൽ വ്യവസായി വിരേൻ മെർച്ചന്റിന്റെയും ഷൈല മെർച്ചന്റിന്റെയും ഇളയ മകൾ. എൻകോർ ഹെൽത്ത്‌ കെയറിന്റെ സ്ഥാപകനാണ് വിരേൻ. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദം നേടിയ രാധിക എൻകോർ ഡയറക്ടർ ബോർഡ് അംഗമാണ്. ഭരതനാട്യം നർത്തകിയാണ്. സഹോദരി അഞ്ജലി.

ചെലവ് 2700 കോടി

വിവാഹപൂർവ ആഘോഷങ്ങൾക്കുൾപ്പെടെ 2700 കോടി രൂപയാണ് ചെലവ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, ANANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY