ന്യൂഡൽഹി: ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നടക്കാനിരിക്കെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്ര നാല് ജവാന്മാരെയും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെയും ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. കുൽഗാമിലെ അഡിഗാം ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് വിവരം ലഭിച്ചതോടെ സൈന്യവും പൊലീസും സി.ആർ.പി.എഫും ഉൾപ്പെട്ട സംയുക്ത സംഘം ഓപ്പറേഷൻ നടത്തുകയായിരുന്നു. പ്രദേശവാസികൾക്ക് അപകടമുണ്ടാകാതെ ഭീകരരെ സേന വളഞ്ഞു. ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കൂടുതൽ സൈന്യം മേഖലയിൽ എത്തിയിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി ദോഡ, കത്വ, രജൗരി, പൂഞ്ച്, റിയാസി മേഖലകളിൽ ഭീകരരുടെ സാന്നിദ്ധ്യത്തെത്തുടർന്ന് ഓപ്പറേഷൻ നടത്തിവരികയാണ്. 18നും 25നും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ സമാധാനപരമായാണ് നടന്നത്. രജൗരി, റിയാസി, പൂഞ്ച് തുടങ്ങി ഭീകരരുടെ സാന്നിദ്ധ്യം കൂടുതലുള്ള മേഖലകളിലടക്കം വോട്ടെടുപ്പ് നടന്നു. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം ഒക്ടോബർ ഒന്നിനാണ്. വോട്ടെണ്ണൽ ഒക്ടോബർ 8ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |