കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലയിലെ അദ്ധ്യാപിക ക്ലാസ്‌മുറിയിൽ വിദ്യാർത്ഥിയെ വിവാഹം കഴിക്കുന്നതായുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൻപ്രതിഷേധം. ബംഗാളിലെ നാദിയ ജില്ലയിലെ ഹരിംഘട്ടയിലുള്ള മൗലാന അബ്‌ദുൾ കലാം ആസാദ് സാങ്കേതിക സർവകലാശാലയിലെ മുതിർന്ന വനിതാ പ്രൊഫസർ ഒന്നാംവർഷ വിദ്യാർത്ഥിയെ വിവാഹം ചെയ്യുന്നതിന്റെ വീഡിയോ ആണ് പ്രതിഷേധത്തിന് കാരണമായത്. സർവകലാശാലയുടെ സൈക്കോളജി വിഭാഗത്തിലായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു.
അതേസമയം ക്ലാസിന്റെ ഭാഗമായ ഒരു നാടകമായിരുന്നു ഇതെന്നാണ് പ്രൊഫസറുടെ വിശദീകരണം. വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അദ്ധ്യാപികയും ഒന്നാംവർഷ വിദ്യാർത്ഥിയും ഹിന്ദു ബംഗാളി ആചാരങ്ങളോടെ വിവാഹിതരാകുന്നതാണ് വീഡിയോയിലുളളത്. വിീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചതോടെ വിവാദവും ഉയർന്നു. ഇതോടെ സംഭവം അന്വേഷിക്കാൻ സർവകലാശാല മൂന്നംഗ പാനലിനെ രൂപീകരിക്കുകയും പ്രൊഫസറിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു. ഇത് ഒരു സൈക്കോ ഡ്രാമ പ്രകടനമാണെന്നും അത് തന്റെ ക്ലാസിന്റെ ഭാഗമായിരുന്നെന്നും യഥാർത്ഥല്ലെന്നും അവർ വിശദീകരിച്ചതായാണ് വിവരം. ഇൻ ഹൗസ് ഡോക്യുമെന്റേഷന്റെ ഭാഗമായാണ് വീഡിയോകൾ എടുത്തതെന്നും സൈക്കോളജി വിഭാഗത്തെ മോശമായി കാണിക്കുന്നതിന് മനഃപൂർവം വീഡിയോ പുറത്തുവിട്ടതാണെന്നും പ്രൊഫസർ ആരോപിച്ചു.
അതേസമയം അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ധ്യാപികയോട് അവധിയിൽ പ്രവേശിക്കാൻ സർവകാല അധികൃതർ ആവശ്യപ്പെട്ടു. വിദ്യാർത്ഥിയോടും ക്ലാസുകളിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് വകുപ്പുകളിൽ നിന്നുള്ള മൂന്ന് വനിതാ ഫാക്കൽറ്റി അംഗങ്ങൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നതെന്ന് വൈസ് ചാൻസലർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |