ചെന്നൈ: 38 ജില്ലകളുള്ള തമിഴ്നാട്ടിൽ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് 120 ജില്ലാ കമ്മിറ്റികൾ. ഓരോ കമ്മിറ്റിയിലും നൂറോളം ഭാരവാഹികൾ. പുതിയ കമ്മിറ്റി നേതാക്കളുമായി വിജയ് കൂടിക്കാഴ്ച നടത്തി. ഇവർക്ക് പാർട്ടി മുദ്രയുള്ള വെള്ളി നാണയം സമ്മാനമായി നൽകിയെന്നാണ് റിപ്പോർട്ട്. ശക്തമായ സംഘടനാ സംവിധാനം ഒരുക്കുന്നതിനാണ് കമ്മിറ്റികളുടെ രൂപീകരണമെങ്കിലും ആരേയും പിണക്കാതെയിരിക്കാനായാണ് ജംബോ കമ്മിറ്റികൾക്ക് രൂപം നൽകുന്നത്. വാർഡ് തലത്തിൽ അടക്കം 3.5 ലക്ഷം പേർക്ക് വിവിധ ചുമതലകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 31 ജില്ലാ കമ്മിറ്റികളാണ് രൂപീകരിച്ചത്. ചെന്നൈയ്ക്ക് മാത്രം 5 ജില്ലാ കമ്മിറ്റികളുണ്ട്. അതിൽ മൂന്നെണ്ണം ഇന്നലെ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ പ്രധാന പാർട്ടികൾക്ക് ഒരു ജില്ലയിൽ ഒന്നിൽ കൂടുതൽ ജില്ലാ കമ്മിറ്റികളുണ്ട്. ഇത്തരത്തിൽ 80 ജില്ലാ കമ്മിറ്റികൾ വരെയുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ഒരു പാർട്ടി 100ൽ കൂടുതൽ ജില്ലാ കമ്മിറ്റികൾ രൂപവത്കരിക്കുന്നത്. ഭാരവാഹികളേറെയും വിജയ് മക്കൾ ഇയക്കം എന്ന് ആരാധക സംഘത്തിൽ പ്രവർത്തിച്ചുവന്നവരാണ്. സംസ്ഥാനത്ത് 234 നിയമസഭാ മണ്ഡലങ്ങളുണ്ട്. ഏകദേശം രണ്ട് മണ്ഡലങ്ങൾക്ക് ഒരു ജില്ലാ കമ്മിറ്റി എന്ന രീതിയിലാണ് ടി.വി.കെ.യുടെ സംഘടനാ സംവിധാനം.അടുത്ത 10 മാസം കഠിനാധ്വാനം ചെയ്യണമെന്നാണ് ജില്ലാ സെക്രട്ടറിമാരോട് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിജയ് രാഷ്ട്രീയ യാത്ര പരന്തൂരു നിന്നും
ചെന്നൈ: നടൻ വിജയ് നടത്തുന്ന ടി.വി.കെയുടെ രാഷ്ട്രീയ യാത്ര കർഷക പ്രക്ഷോഭം പരന്തൂരു നിന്നും ആരംഭിക്കും. പരന്തൂര് വിമാനത്താവള പദ്ധതിക്കെതിരായ പ്രതിഷേധക്കാരെ കണ്ട് വിജയ് ടി.വി.കെയുടെ പിന്തുണ അറിയിച്ചിരുന്നു. അണ്ണാ ഡി.എം.കെ സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. അന്ന് പ്രതിപക്ഷമായിരുന്ന ഡി.എം.കെ സമരക്കാർക്കൊപ്പമായിരുന്നു. എന്നാൽ ഭരണം കിട്ടിയപ്പോൾ നിലപാട് മാറ്റി. ഭരണം കിട്ടുമ്പോൾ കർഷരെ മറക്കുന്നത് ഇരട്ടത്താപ്പാണെന്ന് വിജയ് തുറന്നടിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പദ്ധതി ഉപേക്ഷിക്കണമെന്നും വിജയ് കൂട്ടിച്ചേർത്തു. ഇന്ന് സമരം 920 ദിനങ്ങൾ പിന്നിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |