ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റിൽ ആദ്യം സഹായം നൽകുന്നത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു, കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേന്ദ്ര ബഡ്‌ജറ്രിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജോർജ് കുര്യന്റെ മറുപടി.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ കേരളം പിന്നാക്കമാണെന്ന് പറയട്ടെ. അപ്പോൾ കമ്മിഷൻ പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും. നിലവിൽ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. എയിംസ് ബഡ്ജറ്റിൽ അല്ല പ്രഖ്യാപിക്കുന്നതെന്നും സംസ്ഥാന സർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നൽകി കഴിഞ്ഞാൽ മുൻഗണന അനുസരിച്ച് എയിംസ് അനുവദിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബഡ്ജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ നിരാകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനും കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര ബഡ്‌ജറ്റ് സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജും വിഴിഞ്ഞത്തിന് ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണനയും ആവശ്യപ്പെട്ടിരുന്നു. എയിംസ്, റെയിൽവേ കോച്ച് നിർമ്മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ ഈ ബഡ്ജറ്റിലും നിരാകരിച്ചു. വൻകിട പദ്ധതികളുമില്ല. 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്കായി നീക്കിവയ്ക്കുമ്പോൾ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുൻനിറുത്തി കേരളത്തെ ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |