ന്യൂഡൽഹി: ഇന്ന് ഗുജറാത്തിലെ നവസാരി ജില്ലയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്തി നരേന്ദ്രമോദിക്ക് സുരക്ഷയൊരുക്കുന്നത് പൊലീസിലെ വനിതാ സംഘം. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണിത്. പ്രധാനമന്ത്രിക്കുള്ള എസ്.പി.ജി സംരക്ഷണത്തിന് പുറമെയുള്ള സുരക്ഷയ്‌ക്കാണ് ഇവരെ വിന്യസിക്കുക. വാൻസി ബോർസി ഗ്രാമത്തിലെ ഹെലിപാഡിൽ മോദി വന്നിറങ്ങുന്നതു മുതൽ പരിപാടി നടക്കുന്ന വേദി വരെയുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും ഇവരുടെ ചുമതലയിലായിരിക്കും. വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ മുതൽ കോൺസ്റ്റബിൾമാർ വരെ സംഘത്തിലുണ്ടെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി അറിയിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷ വനിതകൾ ഒറ്റയ്‌ക്ക് നിർവഹിക്കുന്നത് രാജ്യത്ത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ആഭ്യന്തര സെക്രട്ടറിയുമായ നിപുന ടൊറവാനെ സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും. ലക്ഷ്പതി ദീദി സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്. വെള്ളിയാഴ്‌ച മുതൽ ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നാഗർ ഹവേലിയിലും സന്ദർശനം നടത്തുകയാണ് അദ്ദേഹം.
സുരക്ഷ ഒരുക്കുന്നത്
കോൺസ്റ്റബിൾമാർ....... 2,100ലധികം
സബ് ഇൻസ്പെക്ടർമാർ.....187
പൊലീസ് ഇൻസ്പെക്ടർമാർ..... 61
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ.... 16
എസ്.പിമാർ...5
ഐ.ജി, അഡിഷണൽ ഡി.ജി.പി
വനിതാ ദിനത്തിൽ ലോകത്തിന് ശക്തമായ ഒരു സന്ദേശം നൽകുകയാണ് ലക്ഷ്യം. ഗുജറാത്തിനെ സുരക്ഷിത സംസ്ഥാനമാക്കി മാറ്റുന്നതിൽ സ്ത്രീകൾ എങ്ങനെ പങ്ക് വഹിക്കുന്നുവെന്ന് അറിയിക്കാനും ഇത് സഹായിക്കും
- ഹർഷ് സംഘവി
ഗുജറാത്ത്
ആഭ്യന്തര സഹമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |