ചെന്നൈ: ത്രിഭാഷ പദ്ധതിയിലടക്കം കേന്ദ്ര സർക്കാരുമായി പോര് തുടരുന്നതിനിടെ തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പുതിയ നീക്കം.
സംസ്ഥാന ബഡ്ജറ്റിന്റെ ലോഗോയിൽനിന്ന് രൂപയുടെ ചിഹ്നം നീക്കി. പകരം തമിഴ് അക്ഷരം 'രൂ' ആണ് വച്ചത്. ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയ കറൻസി ചിഹ്നം ഒഴിവാക്കുന്നത്. അതേസമയം, മാറ്റത്തെക്കുറിച്ച് തമിഴ്നാട് സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്നാണ് ബഡ്ജറ്റ് അവതരണം.
എക്സ് പ്ലാറ്റ്‌ഫോമിലൂടെ സ്റ്റാലിൻ പുറത്തുവിട്ട ബഡ്ജറ്റിനെക്കുറിച്ചുള്ള ടീസറിലാണ് ലോഗോ മാറിയത്. 'തമിഴ്നാടിന്റെ സമഗ്ര വികസനവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വികസനവും ഉറപ്പാക്കുകയാണ് ..' എന്നാണ് ലോഗോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. ദ്രവീഡിയൻ മോഡൽ, ടി.എൻ ബഡ്ജറ്റ് 2025 തുടങ്ങിയ ഹാഷ്‌ടാഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുമുൻപുണ്ടായിരുന്ന രണ്ടു ബഡ്ജറ്റുകളിലും രൂപയുടെ ചിഹ്നമാണ് വച്ചിരുന്നത്. അതേസമയം ഇതിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തി. തമിഴ്നാട് ഇന്ത്യയിൽ നിന്ന് ഭിന്നമാണെന്നാണ് ഇതുകാണിക്കുന്നതെന്ന് ബി.ജെ.പി വക്താവിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
എങ്ങനെ ഇത്ര വിഡ്ഢിയാകാൻ
കഴിയുന്നു: അണ്ണാമലൈ
സംഭവത്തിൽ സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. നീക്കം വിഡ്ഢിത്തമാണെന്നും രൂപയുടെ ചിഹ്നത്തെ സ്റ്റാലിൻ സർക്കാർ അപമാനിച്ചെന്നും അണ്ണാമലൈ പ്രതികരിച്ചു. രാജ്യം മുഴുവൻ ഔദ്യോഗികമായി അംഗീകരിച്ച രൂപയെ അപമാനിച്ചുകൊണ്ടാണ് ഡി.എം.കെ സർക്കാർ പുതിയ ലോഗോ ഇറക്കിയത്. നിങ്ങൾക്ക് ഇത്രത്തോളം വിഡ്ഢിയാകാൻ എങ്ങനെ കഴിയുന്നു സ്റ്റാലിൻ.-അണ്ണാമലൈ ചോദിച്ചു. ഇന്ത്യയുടെ ചിഹ്നമായാണ് രൂപയുടെ ചിഹ്നത്തെ കാണുന്നതെന്നും ഇന്ത്യയിൽനിന്ന് വേറിട്ട് നിൽക്കാനുള്ള ഡി.എം.കെ നീക്കമാണിതെന്നും ബി.ജെ.പി വക്താവ് നാരായണൻ തിരുപ്പതി ആരോപിച്ചു.
വിഡ്ഢിത്തം. രൂപയുടെ ചിഹ്നത്തെ സ്റ്റാലിൻ സർക്കാർ അപമാനിച്ചു.രാജ്യം മുഴുവൻ ഔദ്യോഗികമായി അംഗീകരിച്ച രൂപയെ അപമാനിച്ചുകൊണ്ടാണ് ഡി.എം.കെ സർക്കാർ പുതിയ ലോഗോ ഇറക്കിയത്.നിങ്ങൾക്ക് ഇത്രത്തോളം വിഡ്ഢിയാകാൻ എങ്ങനെ കഴിയുന്നു സ്റ്റാലിൻ.
-കെ.അണ്ണാമലൈ
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |