അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ക്ഷേത്രത്തിനുനേരെ സ്ഫോടക വസ്തു എറിഞ്ഞു. ഖണ്ട്വാല പ്രദേശത്തെ താക്കൂർ ദ്വാര ക്ഷേത്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ജനൽച്ചില്ലുകൾ തകരുകയും ചുവരുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് അജ്ഞാതരാണ് പിന്നിൽ. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
പുലർച്ചെ രണ്ടോടെ ക്ഷേത്രത്തിലെ പൂജാരിയാണ് പൊലീസിനെ അറിയിച്ചത്. അമൃത്സർ പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും എത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിന് പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസുമായി (ഐ.എസ്.ഐ)ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.
ആക്രമണത്തിന് പിന്നാലെ ആം ആദ്മി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായി തകർന്നതിന്റെ തെളിവാണ് ക്ഷേത്രത്തിന് നേരെ നടന്ന സ്‌ഫോടനമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഗുരുതരവും സെൻസിറ്റീവുമായ സംഭവം എന്ന് ശിരോമണി അകാലിദൾ (എസ്.എ.ഡി) കുറ്റപ്പെടുത്തി.
പഞ്ചാബിൽ സമാധാനം ഇല്ലാതാക്കുള്ള ശ്രമങ്ങൾ എപ്പോഴും നടക്കാറുണ്ടെന്നും എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ക്രമസമാധാനം നിലനിൽക്കുന്നുണ്ടെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |