ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം കാശ്മീരിലെ രണ്ട് ജലവൈദ്യുത പദ്ധതികളിലെ സംഭരണ ശേഷി വർദ്ധിപ്പിക്കാൻ അടക്കം നടപടികളുമായി ഇന്ത്യ. കരാർ പ്രകാരം ആറു മാസം മുൻപേ അറിയിച്ച് പാകിസ്ഥാന്റെ അനുവാദം വാങ്ങേണ്ടി വരുമായിരുന്നു. പല നടപടികളും അവർ മുൻപ് എതിർത്തതുമാണ്.
നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ കീഴിലുള്ള സലാൽ,ബാഗ്ലിഹാർ പദ്ധതി പ്രദേശങ്ങളിലെ റിസർവോയറിൽ നിന്ന് ചളി നീക്കം ചെയ്യുന്ന നടപടിയാണ് പ്രധാനം. ചളി നീക്കുന്നത് പാകിസ്ഥാൻ ഭാഗത്തെ നദികളിൽ വെള്ളപ്പൊക്കമുണ്ടാക്കാനിടയുണ്ട്. അതിനാൽ അവർ മുൻപ് എതിർത്തിരുന്നു. 1987,2009 വർഷങ്ങളിൽ കമ്മിഷൻ ചെയ്‌ത പദ്ധതികളിൽ കരാർ പ്രകാരം ഇതുവരെ ചളി നീക്കം ചെയ്‌തിട്ടില്ല. ഇതുകാരണം 690 മെഗാവാട്ട് ശേഷിയുള്ള സലാൽ,900 മെഗാവാട്ട് ശേഷിയുള്ള ബാഗ്ലിഹാർ പദ്ധതികൾക്ക് ഇതുവരെ പൂർണ ശേഷിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുമില്ല.
സവൽകോട്ട്(1,856 മെഗാവാട്ട്),കീർത്തായി(രണ്ട് പദ്ധതികളിലായി 1,320 മെഗാവാട്ട്),പകാൽ ദുൽ(1,000 മെഗാവാട്ട്),2,224 മെഗാവാട്ട് ശേഷിയുള്ള മറ്റ് മൂന്നെണ്ണം തുടങ്ങി മേഖലയിലെ മുടങ്ങിക്കിടക്കുന്ന ആറ് പദ്ധതികളുടെ നിർമ്മാണം ത്വരിതപ്പെടുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഇവ പൂർത്തിയാകുമ്പോൾ,ജമ്മു കാശ്മീരിനായി 10,000 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനും സമതലങ്ങളിൽ കൃഷി,ഗാർഹിക ഉപയോഗത്തിന് ജലമെത്തിക്കാനും കഴിയും.
പദ്ധതികളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ, ജലവിഭവ മന്ത്രി സി.ആർ. പാട്ടീൽ, വൈദ്യുതി മന്ത്രി എം.എൽ. ഖട്ടർ, കൃഷി മന്ത്രി ശിവരാജ് ചൗഹാൻ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉടൻ യോഗം ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |