ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പ്രതികരിച്ച് ഒപ്പമുണ്ടായിരുന്ന പെൺകുട്ടികൾ. നേരത്തെ തന്നെ തങ്ങൾ ക്രിസ്‌ത്യാനികളായിരുന്നുവെന്നും കന്യാസ്‌ത്രീകൾക്കൊപ്പം പോകുന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നു എന്നും അവർ പറഞ്ഞു. ബജ്‌റംഗദളിന്റെയും പൊലീസിന്റെയും ആരോപണം ഇവർ തള്ളി. കന്യാസ്‌ത്രീകളുടെ അറസ്റ്റ് നടന്ന ദിവസം ഒരു പ്രാദേശിക മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അവർ. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ഗുരുതരവകുപ്പുകളാണ് എഫ്‌ഐആറിൽ കന്യാസ്‌ത്രീകൾക്കെതിരെ ചേർത്തിരിക്കുന്നത്. പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമിച്ചെന്നും മനുഷ്യക്കടത്ത് നടത്തിയെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നു. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തുമാണ് കന്യാസ്ത്രീകളുടെ ഉദ്ദേശമെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെൺകുട്ടികളിലൊരാളുടെ സഹോദരനും സ്‌റ്റേഷനിലെത്തിയിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവർ ആരോപിച്ചു. ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ഇവർ ഇപ്പോൾ ദുർഗിലെ ജയിലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |