ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.കെ, മാലദ്വീപ് സന്ദർശനം 23 മുതൽ 26 നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 23, 24 തീയതികളിൽ നടക്കുന്ന യു.കെ സന്ദർശനത്തിനിടെ ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്‌ക്കും. 26ന് മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും.
ഇരു രാജ്യങ്ങളുമായുള്ള സാമ്പത്തിക, നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാപാരം, പ്രതിരോധം, കാലാവസ്ഥ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുമായി ചർച്ച നടത്തും. ചാൾസ് മൂന്നാമൻ രാജാവുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. നാലാം തവണയാണ് മോദി യു.കെയിലെത്തുന്നത്. 2018ലായിരുന്നു ആദ്യ സന്ദർശനം.
25ന് ലണ്ടനിൽ നിന്ന് മാലദ്വീപിലേക്ക് പോകുന്ന മോദി 26ന് മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ. മുഹമ്മദ് മുയിസു പ്രസിഡന്റായതിനുശേഷം മാലദ്വീപിലെത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് മോദി. സമഗ്രമായ സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്ത പദ്ധതിയുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. 2024 ഒക്ടോബറിൽ മുയിസു ഇന്ത്യയിലെത്തിയപ്പോഴാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.
മുയിസു സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയുണ്ടായ ഇന്ത്യാവിരുദ്ധ പ്രചാരണങ്ങളുടെ പേരിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുമ്പോൾ തന്നെ പ്രധാനമന്ത്രി വിദേശപര്യടനം നടത്തുന്നതിൽ പ്രതിപക്ഷത്തു നിന്ന് മുറുമുറുപ്പുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞിട്ട് പാർലമെന്റ് ചേരുന്നതായിരുന്നു നല്ലതെന്ന് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |