ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാർലമെന്റിൽ ആദ്യമായി ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ വരുന്ന വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ബീഹാർ വോട്ടർ പട്ടിക പരിഷ്‌കരണം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകുമെന്ന് കരുതുന്ന സമ്മേളനത്തിൽ 12 പ്രധാന ബില്ലുകളും പരിഗണിക്കും. ആഗസ്റ്റ് 21വരെയാണ് സമ്മേളനം. ലോക്‌സഭയിൽ അംഗങ്ങൾ സീറ്റിന് മുന്നിലുള്ള ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാകും ഹാജർ രേഖപ്പെടുത്തുക.
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടോയെന്നതിൽ വിശദീകരണം ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാക്കൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്‌താവന നടത്തണമെന്ന നിലപാടിലാണ് പ്രതിപക്ഷം. ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവും പ്രതിഫലിക്കും.
പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിനുശേഷം പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. സമ്മേളനം സുഗമമായി നടത്താൻ സഹകരിക്കണമെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
ചെറിയ രാഷ്ട്രീയ പാർട്ടികൾക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന പരാതി പരിഗണിക്കും. ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് വർമ്മയുടെ ഇംപീച്ച്മെന്റ് എല്ലാ കക്ഷികളും ഒന്നിച്ച് തീരുമാനിക്കേണ്ട വിഷയമാണെന്നും മന്ത്രി പറഞ്ഞു.
51 പാർട്ടികളിൽ നിന്നുള്ള 54 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. രാജ്യസഭാ നേതാവ് ജെ.പി. നദ്ദ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർലമെന്ററികാര്യ സഹമന്ത്രി അർജുൻറാം മേഘ്‌വാൾ, വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ. മുരുകൻ തുടങ്ങിയവരും പങ്കെടുത്തു.
പ്രധാനമന്ത്രി
പ്രതികരിക്കണം
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്നും വിശദമായ ചർച്ച വേണമെന്നും യോഗത്തിൽ കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷും സി.പി.ഐയിലെ സന്തോഷ് കുമാറും ആവശ്യപ്പെട്ടു. മ്യാൻമാറിൽ തൊഴിൽ വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പിൽ സർക്കാർ ഇടപെടണമെന്ന്
എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. പി.എഫ് പെൻഷൻ ഉൾപ്പെടെ തൊഴിലാളി പ്രശ്നങ്ങൾ പ്രത്യേകമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഭയിൽ ഇന്ന്:
ആദായനികുതി ഭേദഗതി നിയമം പരിശോധിക്കുന്നതിനായി രൂപീകരിച്ച സെലക്‌ട് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും.
ഫെബ്രുവരി 13 ന് ലോക്‌സഭയിൽ അവതരിപ്പിച്ച പുതിയ ആദായനികുതി ബിൽ സെലക്‌ട് കമ്മിറ്റിക്ക് വിടുകയായിരുന്നു.
പ്രധാന ബില്ലുകൾ
മണിപ്പൂർ ജി.എസ്.ടി
ജൻ വിശ്വാസ് ഭേദഗതി
ഐ.എം.എം ഭേദഗതി
ഭൂപൈതൃക സംരക്ഷണവും പരിപാലനവും
ഖനി,ധാതു നിയന്ത്രണ ഭേദഗതി
ദേശീയ കായിക ഭരണം
ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി
മർച്ചന്റ് ഷിപ്പിംഗ്
ഇന്ത്യൻ തുറമുഖം
ആദായനികുതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |