ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ദുരൂഹത വർദ്ധിപ്പിച്ച് കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. ടേക്ക് ഓഫിന് മുമ്പേ വൈദ്യുതി തകരാറ് സംഭവിച്ചെന്നാണ് റിപ്പോർട്ട്. വിമാനത്തിന്റെ വാലറ്റത്ത് വൈദ്യുതി ഷോർട്ട് സർക്യൂട്ടിൽ നിന്നുള്ള തീയുടെ അടയാളങ്ങൾ കണ്ടതാണ് സംശയം ബലപ്പെടുത്തുന്നത്.
വിമാനം മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ചിറങ്ങിയപ്പോൾ വാലറ്റം വേർപെട്ടിരുന്നു. അതിനാൽ ഇന്ധന ടാങ്കിൽ നിന്നുള്ള തീ ഈ ഭാഗത്തെ വലിയ തോതിൽ ബാധിച്ചില്ല. എന്നാൽ വാലറ്റത്ത് സൂക്ഷിച്ച ബ്ളാക്ക് ബോക്‌സ് അതിനുള്ളിലെ ഡാറ്റ തിരിച്ചെടുക്കാനാകാത്ത വിധം കത്തിനശിച്ചു. ഇത് ഇടിച്ചിറങ്ങിയതിന്റെ ആഘാതത്താലല്ലെന്നാണ് നിഗമനം. പിന്നിലെ ഇലക്‌ട്രിക് വിഭാഗത്തിൽ നിന്നാണ് ഈ ബ്ളാക്ക് ബോക്‌സ് ബന്ധിപ്പിക്കുക. മുൻവശത്തുള്ള ബ്ളാക്ക് ബോക്‌സ് അതിജീവിച്ചു.
വാൽ ഭാഗത്ത് വൈദ്യുതി തകരാറുണ്ടായെങ്കിൽ അത് ടേക്ക് ഓഫിന് മുമ്പാണോ, ഇടിയുടെ ആഘാതത്താലാണോയെന്ന് പരിശോധിച്ചുവരുന്നു. വാൽ ഭാഗത്തുള്ള ഓക്സിലറി പവർ യൂണിറ്റ് (എ.പി.യു), ട്രാൻസ്ഡ്യൂസറുകൾ(സെൻസർ), റഡ്ഡറുകൾ എന്നിവയും പരിശോധിക്കുന്നു. എ.പി.യു പ്രത്യേക അറയിൽ നിന്ന് കേടുകൂടാതെ കണ്ടെടുത്തു. അപകടത്തിന് മുമ്പ് ഡൽഹി-അഹമ്മദാബാദ് സർവീസിൽ ട്രാൻസ്ഡ്യൂസറിൽ തകരാറുണ്ടെന്ന് പൈലറ്റ് രേഖപ്പെടുത്തുകയും അത് ശരിയാക്കുകയും ചെയ്‌തിരുന്നു.
വൈദ്യുതി സംവിധാനത്തിലെ
തകരാറ് ബാധിക്കാം
ടേക്ക് ഓഫിന് മുമ്പ് വൈദ്യുതി സംവിധാനത്തിലുണ്ടാകുന്ന ഏതെങ്കിലും തകരാറ് ഫ്ലൈറ്റ് സെൻസറുകളെ ബാധിച്ചേക്കാം. ഇത് എൻജിനിലേക്കുള്ള ഇന്ധന വിതരണം കട്ട് ഓഫ് ചെയ്യുന്നതിന് കാരണമാകാം
അപകടത്തിന് മുമ്പ് കാബിൻ ലൈറ്റുകൾ മിന്നിക്കത്തിയെന്ന് രക്ഷപ്പെട്ട യാത്രക്കാരൻ രമേശ് കുമാർ വിശ്വാസ് പറഞ്ഞിരുന്നു.
വിമാനത്തിന്റെ പിൻഭാഗത്തിരുന്ന ജീവനക്കാരിയുടെ മരണം വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമുള്ള തീ കാരണമാകാമെന്നും കരുതുന്നു. അവർ ധരിച്ച വസ്ത്രങ്ങൾ പൂർണമായി കത്തിയിരുന്നില്ല.
787 സീരീസ് ഡ്രീംലൈനർ വിമാനങ്ങളിൽ എൻജിൻ പ്രവർത്തിക്കാനുള്ള വൈദ്യുതി നൽകുന്ന എ.പി.യു യൂണിറ്റിൽ 2013ൽ തകരാറ് കണ്ടെത്തിയിരുന്നു. പിന്നീട് എ.പി.യു ബാറ്ററി പരിഷ്‌കരിച്ചു.
അന്തിമ റിപ്പോർട്ട് വരട്ടെ: മന്ത്രി
വിമാനാപകടവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.ഐ.ബി) അന്തിമ റിപ്പോർട്ട് വരുംവരെ കാക്കണമെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. നിയമങ്ങൾക്കും അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾക്കും അനുസൃതമായി കർശനവും പ്രൊഫഷണലുമായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്ന് എ.എ.ഐ.ബി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |