ന്യൂഡൽഹി: പ്രകൃതിദുരന്തങ്ങൾ രാജ്യത്തെ പരീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിന്റെ 125-ാം ഭാഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീരിലും ഉത്തരാഖണ്ഡിലും ഉണ്ടായ മിന്നൽ പ്രളയവും അപകടങ്ങളും മോദി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. വീടുകൾ തകർന്നു. ജനങ്ങളുടെ ജീവൻ അപകടത്തിലായി. നിരവധിയിടങ്ങൾ വെള്ളത്തിലായി. ഈ സംഭവങ്ങൾ രാജ്യത്തെ ദുഃഖത്തിലാക്കി.
എന്നാൽ, ദുരന്ത സ്ഥലങ്ങളിലെല്ലാം എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും സുരക്ഷാസേനകളും ജനങ്ങളെ രക്ഷിക്കാൻ രാവും പകലും പരിശ്രമിച്ചു. തെർമൽ ക്യാമറകൾ, ലൈവ് ഡിറ്റക്ടറുകൾ, സ്‌നിഫർ നായകൾ, ഡ്രോണുകൾ എന്നിവയുടെ സഹായവും ദുരിതാശ്വാസ പ്രവർത്തനത്തിന് പ്രയോജനപ്പെടുത്തി. ഹെലികോപ്റ്ററുകളിലൂടെ ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചു. പരിക്കേറ്റവരെ രക്ഷപ്പെടുത്തി. നാട്ടുകാർ, സാമൂഹികപ്രവർത്തകർ, ഡോക്ടർമാർ, പ്രാദേശിക ഭരണകൂടങ്ങൾ തുടങ്ങി എല്ലാവരും പ്രതിസന്ധിഘട്ടത്തിൽ ഒരുമിച്ച് നിന്ന് സാധ്യമായതെല്ലാം ചെയ്തു. ദുഷ്‌കരമായ സമയങ്ങളിൽ മനുഷ്യത്വത്തിന് മുൻഗണന നൽകിയ എല്ലാവർക്കും താൻ ഹൃദയപൂർവം നന്ദി പറയുന്നതായും മോദി പറഞ്ഞു.
ഡേ നൈറ്റ് ക്രിക്കറ്റ്
ജമ്മു കാശ്മീർ രണ്ടു സവിശേഷ നേട്ടങ്ങൾ കൈവരിച്ചെന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു. ഒന്ന് പുൽവാമയിൽ നടന്ന ഡേ നൈറ്റ് ക്രിക്കറ്റ് മത്സരവും രണ്ട് ശ്രീനഗറിലെ ദാൽ തടാകത്തിൽ നടന്ന രാജ്യത്തെ ആദ്യ ഖേലോ ഇന്ത്യ വാട്ടർ സ്‌പോർട്‌സ് ഫെസ്റ്റിവലുമാണ്. ഡേ നൈറ്റ് ക്രിക്കറ്റ് മത്സരം കാണാൻ പുൽവാമയിലെ സ്റ്റേഡിയം നിറഞ്ഞ് കാണികളുണ്ടായിരുന്നു. മുൻപ് ഇത് അസാദ്ധ്യമായിരുന്നു. ഇപ്പോൾ രാജ്യം മാറുകയാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. വാട്ടർ സ്‌പോർട്‌സ് ഫെസ്റ്റിവലിൽ ഇന്ത്യയിലുടനീളമുള്ള 800ലധികം അതല്റ്റുകൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |