
പനജി : ഇന്ത്യയുടെ അർജുൻ എരിഗേയ്സിയും ചൈനയുടെ വേയ് യീയും തമ്മിലുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പിലെ അഞ്ചാം റൗണ്ട് പോരാട്ടം ടൈബ്രേക്കറിലേക്ക്. ക്ളാസിക്കൽ ഫോർമാറ്റിൽ ഇന്നലെയും തിങ്കളാഴ്ചയുമായി നടന്ന രണ്ട് ഗെയിമുകളും സമനിലയിൽ പിരിഞ്ഞതിനാലാണ് ഇന്ന് റാപ്പിഡ് ഫോർമാറ്റിൽ ടൈബ്രേക്കർ വേണ്ടിവന്നത്. ടൈബ്രേക്കറിൽ ജയിക്കുന്നവർക്ക് സെമിയിലെത്താം.
ആദ്യ മത്സരത്തിൽ കറുത്ത കരുക്കളുമായി 99.5% എന്ന കമ്പ്യൂട്ടർ കൃത്യത നിലനിർത്തി അർജുൻ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, ഇന്നലെ വെളുത്ത കരുക്കളുടെ ആനുകൂല്യം ലഭിച്ച രണ്ടാം ഗെയിമിൽ, ശക്തമായ പ്രതിരോധം തീർത്ത വീ യീ യുടെ കരുക്കൾ ഭേദിക്കാൻ ഇന്ത്യൻ താരത്തിന് സാധിച്ചില്ല. 32 നീക്കങ്ങൾക്കൊടുവിൽ കൂടുതൽ റിസ്കെടുക്കാൻ ഇരുവർക്കും താൽപര്യമില്ലാതിരുന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ക്ലാസിക്കൽ ഗെയിമുകളിൽ ഇരുവർക്കും 1-1 പോയിന്റ് വീതം ലഭിച്ചതോടെയാണ് ഇനി അതിവേഗ ടൈ ബ്രേക്കർ നിർണ്ണായകമാകുന്നത്.
ക്ലാസിക്കൽ ചെസ്സിലെ തന്റെ കൃത്യത അതിവേഗ ചെസ്സിലും ആവർത്തിക്കാനായാൽ മാത്രമേ അർജുന് സെമി ഉറപ്പിക്കാൻ സാധിക്കൂ. ടൂർണമെന്റിലെ ഏറ്റവും അപകടകാരികളായ കളിക്കാരിൽ ഒരാളായ വീ യീ, സമ്മർദ്ദ ഘട്ടങ്ങളിലും അതിവേഗ ഫോർമാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ അർജുന് ഏറ്റവും വലിയ വെല്ലുവിളിയാകാൻ സാധ്യത ഈ അതിവേഗ പോരാട്ടമാണ്. റാപ്പിഡിൽ എരിഗൈസിയെക്കാൾ 50എലോ റേറ്റിംഗ് കൂടുതൽ ഉള്ള താരം കൂടിയാണ് വീ യീ. അതിവേഗ ഫോർമാറ്റിൽ വീ യീ ഒരു 'സൈലന്റ് കില്ലർ' ആണ്. അർജുൻ സാങ്കേതിക മികവ് റാപ്പിഡിൽ എത്രത്തോളം നിലനിർത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സെമി പ്രവേശനം.
നോഡിർബെക്ക് സെമിയിൽ
ക്വാർട്ടർ ഫൈനലിൽ ഉസ്ബെക്കിസ്താൻ താരം നോഡിർബെക്ക് യാക്കുബയേവ് വിജയിച്ച് സെമിയിലെത്തിയിട്ടുണ്ട്. അലക്സണ്ടർ ഡോൺചേങ്കോയെ ആദ്യ മത്സരത്തിൽ തോൽപ്പിക്കുകയും രണ്ടാം മത്സരം സമനിലയിൽ ആക്കുകയും ചെയ്തതോടെയാണ് നോഡിർബെക്ക് ആദ്യം സെമിയിൽ പ്രവേശിച്ച താരമായത്.
എന്നാൽ, അർജുൻ എരിഗൈസിയുടേത് ഉൾപ്പെടെ ബാക്കിയെല്ലാ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും സമനിലയിൽ ആയതിനാൽ, മറ്റു മൂന്ന് സെമിഫൈനലിസ്റ്റുകളെ കണ്ടെത്താൻ ഇന്ന് ടൈ ബ്രേക്കർ പോരാട്ടങ്ങൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |