കർഷക സമര കേന്ദ്രമായിരുന്ന പഞ്ചാബിലെയും ഹരിയാനയിലെയും പിന്തുണ തെളിയിച്ച്, ചണ്ഡിഗഡിലെ പ്രാന്തപ്രദേശത്തെ പഞ്ചാബ് മണ്ഡി ബോർഡ് ഹാളിനെ ചെങ്കടലാക്കിയ റാലിയോടെ സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിന് തുടക്കം.ഇന്ന് രാവിലെ 10ന് ചണ്ഡിഗഡ് സെക്‌ടർ 35 കിസാൻഭവനിലെ മുഖ്യവേദിയിൽ( സുധാകർ റെഡ്ഡി നഗർ) മുൻ പഞ്ചാബ് സെക്രട്ടറി ഭൂപീന്ദർ സാംബർ പതാകയും, രക്തസാക്ഷി ഭഗത് സിംഗിന്റെ അനന്തരവൻ പ്രൊഫ. ജഗ്‌മോഹൻ സിംഗ് ദേശീയ പതാകയും ഉയർത്തും. തുടർന്ന് ജനറൽ സെക്രട്ടറി ഡി. രാജ പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന സമ്മേളനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ(എം.എൽ ലിബറേഷൻ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ, ആർ.എസ്.പി നേതാവ് മനോജ് ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ എന്നിവർ സംസാരിക്കും. ഉച്ച കഴിഞ്ഞ് കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോർട്ട്, രാഷ്ട്രീയ അവലോകന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും. വൈകിട്ട് 4.45ന് ക്യൂബ, പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം. തുടർന്ന് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ച.
ചെങ്കടലാക്കിയ
സമ്മേളനം
പഞ്ചാബിലും ഹരിയാനയിലും നിന്നുള്ള പ്രവർത്തകർ പാർട്ടി കൊടിയേന്തി രാവിലെ മുതൽ ഹാളിലേക്ക് പ്രവഹിച്ചതോടെ ചണ്ഡിഗഡിലെ മൊഹാലി പഞ്ചാബ് മണ്ഡി ബോഡ് റോഡിലെ സാഹിബ്സാദ അജിത് സിംഗ് നഗർ ചെങ്കടലായി. പഞ്ചാബിലെ ധീരരക്തസാക്ഷികളായ ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരുടെ നാടുകളിൽ നിന്ന് കൊണ്ടുവന്ന ദീപശിഖാ യാത്രകൾ ജനറൽ സെക്രട്ടറി ഡി. രാജ വേദിയിൽ ഏറ്റുവാങ്ങി.പഞ്ചാബ് സംസ്ഥാന സെക്രട്ടറി ബന്ത് സിംഗ് ബ്രാർ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം, കെ നാരായണ, രാമകൃഷ്ണ പാണ്ഡ, പല്ലബ് സെൻ ഗുപ്ത, അമർജിത് കൗർ, ആനി രാജ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്ന നിർണായക തീരുമാനങ്ങൾ പാർട്ടി കോൺഗ്രസിലുണ്ടാകുമെന്ന് ഡി. രാജ പറഞ്ഞു. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാൻ ബി.ജെ.പിയെ പുറത്താക്കണം. അതിനായി മതേതര ജനാധിപത്യകൂട്ടായ്‌മ ശക്തിപ്പെടുത്തണം. തൊഴിലാളികൾ, കർഷകർ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണം. രാജ്യമെമ്പാടും സി.പി.ഐയെ ശക്തിപ്പെടുത്തൽ, ഇടത് ഐക്യം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |