ബംഗളൂരു: യാത്രാമദ്ധ്യേ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന്റെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ബംഗളൂരു- വാരാണസി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് നാടകീയ സംഭവം. ടോയ്ലെറ്റ് തിരയവെ അബദ്ധത്തിൽ സംഭവവിച്ചതാണെന്നാണ് യാത്രക്കാരന്റെ വാദം. എന്നാൽ ഹൈജാക്ക് ഉൾപ്പെടെ സാദ്ധ്യത കണക്കിലെടുത്ത് പൈലറ്റ് മുൻകരുതലെടുക്കുകയും അധികൃതരെ അറിയിക്കുകയും ചെയ്തു.
ഇയാളെയും കൂടെയുണ്ടായിരുന്ന എട്ട് പേരെയും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തതായും അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ എട്ടിന് ബംഗളൂരുവിൽ നിന്ന് വിമാനം പുറപ്പെട്ടു. ഇതിനിടെ ഒരു യാത്രക്കാരൻ കോക്ക്പിറ്റ് വാതിലിനടുത്തെത്തി തുറക്കാൻ ശ്രമിക്കുകയായിരുന്നു. കോക്ക്പിറ്റ് വാതിൽ അൺലോക്ക് ചെയ്യാൻ ഒരു പാസ്‌കോഡ് നൽകണം. ഇത് ശരിയായാൽ പ്രവേശനം അനുവദിക്കാനോ നിരസിക്കാനോ പൈലറ്റിന് കഴിയും. പൈലറ്റ് ഉടൻ എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും ചെയ്തു. ഇതിനിടെ ജീവനക്കാരെത്തി പിടിച്ചുമാറ്റുകയായിരുന്നു. തുടർന്ന് വാരാണസിയിൽ ലാൻഡ് ചെയ്തയുടൻ ഇയാളെയും എട്ട് പെരെയും സി.ഐ.എസ്.എഫിന് കൈമാറി. കോക്പിറ്റിൽ കടക്കാൻ ശ്രമിച്ചയാളുടെ കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ ആദ്യമായാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത് എന്നാണ് മനസിലായതെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. അറിവില്ലായ്മ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇയാളിൽനിന്ന് വിമാനത്തിന് യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.എസ്.എഫ് അന്വേഷണം തുടരുകയാണ്.
എലി, വിമാനം വൈകിയത്
മൂന്ന് മണിക്കോറോളം
ലക്നൗ :കാൺപൂരിൽ നിന്ന് ഡൽഹിയിലേക്കുളള ഇൻഡിഗോ വിമാനത്തിൽ എലിയെ കണ്ടതിനെ തുടർന്ന് രണ്ട് മണിക്കൂറോളം വിമാനം വൈകി. ക്യാബിനുള്ളിൽ യാത്രക്കാരനാണ് എലിയെ കണ്ടത്. തുടർന്ന് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. 140 യാത്രകാരുമായി കാൺപൂരിൽ നിന്ന ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് കാൺപൂർ എയർപോർട്ടിൽ കുടുങ്ങിയത്. എലിയെ കണ്ടെത്തിയാൽ മാത്രമേ വിമാനം പുറപ്പെടാൻ അനുമതി നൽക്കൂവെന്നൂം യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും ചക്കേരി എയർപോർട്ട് ഡയറക്ടർ സഞ്ജയ് കുമാർ പറഞ്ഞു. അതിനാൽ രണ്ട് മണിക്കൂറോളം തെരച്ചിൽ നടത്തി. 4.10 ന് ഡൽഹിയിൽ എത്തേണ്ടിരുന്ന വിമാനം രാത്രി 7,.15ഓടെയാണ് ഡൽഹിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |