ന്യൂഡൽഹി: നടപ്പാതകൾ കാൽനട യാത്രക്കാരുടെ മൗലികാവകാശമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, അവരുടെ സുരക്ഷയ്‌ക്ക് മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. വാഹനാപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിർണായക ഇടപെടൽ.
നടപ്പാതകളും റോഡു മുറിച്ചു കടക്കാനുള്ള പെഡെസ്ട്രിയൻ ക്രോസിംഗുകളും ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ ആറുമാസത്തിനകം ചട്ടങ്ങൾ രൂപീകരിച്ച് തുടർനടപടികൾ സ്വീകരിക്കണം. റോഡുകളുടെ ഡിസൈൻ, നിർമ്മാണം, മെയിന്റനൻസ് എന്നിവ സംബന്ധിച്ചും ചട്ടങ്ങൾ പുറത്തിറക്കണം. ഇരുചക്ര വാഹനം ഓടിക്കുന്നയാളും സഹയാത്രക്കാരനും ഹെൽമറ്റ് ധരിക്കണമെന്നത് നിർബന്ധമാണെന്നും, സംസ്ഥാനങ്ങൾ അക്കാര്യം കർശനമായി നടപ്പാക്കണമെന്നുമുള്ള കഴിഞ്ഞദിവസത്തെ വിധിയിലാണ് ഈ നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയത്. ഡോ. എസ്. രാജശേഖരൻ എന്ന വ്യക്തിയാണ് ഹർജിക്കാരൻ. റോംഗ് സൈഡ് ഡ്രൈവിംഗും സുരക്ഷിതമല്ലാത്ത ഓവർടേക്കിംഗും തടയാൻ കാര്യക്ഷമമായ നടപടികൾ സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചു.
മറ്റു പ്രധാന നിർദ്ദേശങ്ങൾ
1. ദേശീയപാതകളിൽ അടക്കം നടപ്പാതകളും പെഡെസ്ട്രിയൻ ക്രോസിംഗുകളും ഉറപ്പാക്കണം
2.അതിനായി ഘട്ടംഘട്ടമായി 50ൽപ്പരം പ്രധാന നഗരങ്ങളിൽ സർവ്വേ നടത്തണം
3. ദേശീയപാത അതോറിട്ടിയും മറ്റ് സർക്കാർ ഏജൻസികളും നടപടിയെടുക്കണം
4.പ്രവർത്തന പദ്ധതി തയ്യാറാക്കണം. ഏഴു മാസത്തിനകം കാര്യങ്ങൾ നടപ്പാക്കണം,
സുപ്രീംകോടതി പരിഗണിച്ച 2023ലെ കണക്കുകൾ
1.വാഹനാപകടങ്ങളിൽ മരിച്ചത് 172890 പേർ
2.വാഹനമിടിച്ചു മരിച്ച കാൽനടയാത്രക്കാർ 35000
3.ഹെൽമറ്റില്ലാത്തതിനാൽ 54000 പേർക്ക് ജീവഹാനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |