ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ 22 കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്രിഫ് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ ചുമ മരുന്നുകൾക്കെതിരെ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ഈ മരുന്നുകൾ അപകടകരമാണെന്നും മറ്റേതെങ്കിലും രാജ്യങ്ങളിൽ ഉപയോഗത്തിലുണ്ടെങ്കിൽ അറിയിക്കണമെന്നും നിർദ്ദേശം നൽകി. ശ്രേസൻ ഫാർമസ്യൂട്ടിക്കൾസിന്റെ കോൾഡ്രിഫ്, നെഡ്‌നെക്‌സ് ഫാർമസ്യൂട്ടിക്കൽസിന്റെ റെസ്പിഫ്രഷ് ടി.ആർ, ഷേപ്പ് ഫാർമയുടെ റീലൈഫ് എന്നിവയുടെ ചില ബാച്ചുകളാണ് അപകടകരമെന്ന് കണ്ടെത്തിയത്. മരുന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന് നേരത്തെ ഡബ്ല്യു.എച്ച്.ഒ ഇന്ത്യയോട് ചോദിച്ചിരുന്നു. കോൾഡ്രിഫ് സിറപ്പിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അനുവദനീയമായതിന്റെ 500 മടങ്ങ് അളവിൽ അടങ്ങിയിരുന്നെന്ന് ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഡബ്ല്യു.എച്ച്.ഒയെ അറിയിച്ചിരുന്നു. ഇത്തരം മരുന്നുകളൊന്നും ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
മദ്ധ്യപ്രദേശിൽ മരിച്ച കുട്ടികൾക്ക് നൽകിയത് കോൾഡ്രിഫ് സിറപ്പാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മരുന്നിന്റെ നിർമ്മാതാക്കളായ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ് തമിഴ്‌നാട് സർക്കാർ അടച്ചുപൂട്ടിയിരുന്നു. കമ്പനി ഉടമ ജി. രംഗനാഥൻ അറസ്റ്റിലാവുകയും ചെയ്തു. കുട്ടികൾക്ക് മരുന്ന് കുറിച്ച ഡോക്ടർ പ്രവീൺ സോണിയെയും അറസ്റ്റ് ചെയ്തു. പ്രവീൺ സോണിക്ക് ഇന്നലെ കോടതി ജാമ്യം നിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |