
# ബാധകമാവുന്നത് 150 ദിവസം
# നീട്ടാൻ കോൺഗ്രസ് കനിയണം
# അധികചുങ്കം ചുമത്താൻ മറുവഴി തേടി ട്രംപ്
കൊച്ചി: അമേരിക്കൻ സുപ്രീം കോടതി പകരച്ചുങ്കം റദ്ദാക്കിയതിനു പിന്നാലെ വിദേശ ഉത്പന്നങ്ങൾക്ക് 15 ശതമാനം ആഗോള തീരുവ ചുമത്തി ഡൊണാൾഡ് ട്രംപ് പുതിയ യുദ്ധമുഖം തുറന്നു. 1974ലെ വ്യാപാര നിയമത്തിലെ 122ാം വകുപ്പ് പ്രകാരം 150 ദിവസത്തേക്ക് 15 ശതമാനം വരെ താത്കാലിക തീരുവ ഏർപ്പെടുത്താമെന്ന വ്യവസ്ഥ പ്രകാരമാണിത്. ട്രംപ് ആദ്യം 10 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചതെങ്കിലും ഇന്നലെ രാത്രി 15 ശതമാനമായി ഉയർത്തുകയായിരുന്നു. ഏതെങ്കിലും രാജ്യത്തെ ഉന്നംവച്ച് പ്രഖ്യാപിച്ചിട്ടില്ല. ആദ്യമായാണ് ഈ നിയമം പ്രയോഗിക്കുന്നത്.
ഫെബ്രുവരി 24 മുതൽ ജൂലായ് 24 വരെ ബാധകമാകും. കാലാവധി നീട്ടാനുള്ള അധികാരം അമേരിക്കൻ കോൺഗ്രസിനാണ്. റദ്ദാക്കാനും കോൺഗ്രസിന് കഴിയും. അതേസമയം വ്യാപാരം അമേരിക്കയ്ക്ക് ഗുണകരമാവുന്ന വിധത്തിൽ ഏതൊക്കെ രാജ്യത്തിനെതിരെ അധിക ചുങ്കം ചുമത്താൻ കഴിയുമെന്ന് വിലയിരുത്തി റിപ്പോർട്ട് നൽകാൻ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ട്രംപ് നിർദേശം നൽകി. 301, 232 വകുപ്പു പ്രകാരമാണിത്. പകരച്ചുങ്കം റദ്ദാക്കിയ ജഡ്ജിമാരുടെ തീരുമാനം പരിഹാസ്യമാണെന്നും തീരുവ വരുമാനം വർദ്ധിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് സമൂഹ മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
ഇന്ത്യയുമായുള്ള ധാരണകളിൽ മാറ്റമില്ല
ഇന്ത്യ ഉൾപ്പെടെയുള്ള വ്യാപാര പങ്കാളികളുടെ ഉത്പന്നങ്ങളുടെ തീരുവ താത്കാലികമായി പതിനഞ്ച് ശതമാനമാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. കരാർ ധാരണ പ്രകാരം 18 ശതമാനം തീരുവ ഇന്ത്യൻ കയറ്റുമതിക്കാർ നൽകേണ്ടി വരില്ല. പകരച്ചുങ്കം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് ശേഷവും ഇന്ത്യയുമായുള്ള വ്യാപാര ധാരണകളിൽ മാറ്റമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യ തീരുവ അടയ്ക്കുകയും അമേരിക്ക തീരുവയില്ലാതെ ഉത്പന്നങ്ങൾ കയറ്റി അയക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരിച്ചുനൽകേണ്ടത് 13,350 കോടി ഡോളർ
പ്രസിഡന്റിന്റെ അടിയന്തര സാമ്പത്തിക അധികാരം ഉപയോഗിച്ച് ഏർപ്പെടുത്തിയ പകരത്തീരുവ സുപ്രീം കോടതി റദ്ദാക്കിയതോടെ കയറ്റുമതിക്കാർക്ക് സർക്കാർ തിരിച്ചു നൽകേണ്ടത് 13,350 കോടി ഡോളറാണ് (12.28 ലക്ഷം കോടി രൂപ). കഴിഞ്ഞ വർഷത്തെ മൊത്തം തീരുവ വരുമാനത്തിന്റെ 57 ശതമാനമാണിത്. കോടതി വിധിയിൽ പണം തിരിച്ചുനൽകുന്നതിനെ കുറിച്ച് പരാമർശിക്കുന്നില്ലെങ്കിലും കയറ്റുമതിക്കാർ റീ ഫണ്ട് തേടും.
'വാണിജ്യ തീരുവ കുറച്ച നടപടി ഇന്ത്യ പരിശോധിച്ചുവരികയാണ്. യുഎസ് ഭരണകൂടം ചില നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്".
- കേന്ദ്ര വാണിജ്യ മന്ത്രാലയം
ട്രംപിനെതിരെ പോരാടിയ ഇന്ത്യൻ വംശജൻ
പകരച്ചുങ്കം പൊളിച്ചടുക്കിയതിൽ സുപ്രീം കോടതിയിൽ പ്രധാന പങ്ക് വഹിച്ചത് നീൽ കട്യാലെന്ന ഇന്ത്യൻ വംശജനാണ്.ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് ഹാജരായത്. ബരാക്ക് ഒബാമ പ്രസിഡന്റായിരിക്കേ, ആക്ടിംഗ് സോളിസിറ്റർ ജനറലായിരുന്നു. മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് കുടിയേറിയതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |