
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന എസ്‌ഐആർ നടപടികൾ പൂർത്തിയായി. നാല് മാസത്തോളം നീണ്ടുനിന്ന പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷമാണ് സംസ്ഥാനത്തെ പുതുക്കിയ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. 2025 ഒക്ടോബർ 27നാണ് സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കൽ ക്യാമ്പയിൻ ആരംഭിച്ചത്. പട്ടികയിലെ തിരുത്തലുകളുമായി ബന്ധപ്പെട്ട പരാതികൾ ഈ വർഷം ജനുവരി 22വരെ സ്വീകരിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 14ഓടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇവ പരിശോധിച്ച് അന്തിമ പട്ടികയ്ക്ക് രൂപം നൽകുകയായിരുന്നു
ആദ്യ ഘട്ടത്തിൽ 42 ലക്ഷത്തിലധികം വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായി. മരിച്ചവർ, താമസം മാറിയവർ, ഇരട്ട വോട്ടുള്ളവർ എന്നിവരെ നീക്കം ചെയ്തതിനാലാണിത്. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം നടന്ന പരിശോധനകളിലൂടെ അർഹരായ 8.49 ലക്ഷം പേരെ കൂടി ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
പുതുക്കൽ നടപടികൾക്ക് മുൻപുണ്ടായിരുന്ന എണ്ണത്തെക്കാൾ ഏകദേശം 34,25,078 വോട്ടർമാരുടെ കുറവാണ് അന്തിമ പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ലഭിച്ച പരാതികൾ പരിഗണിച്ചപ്പോൾ 8,49,082 പേരെ പുതുതായി ഉൾപ്പെടുത്തി. അതേസമയം, നവംബർ 17 മുതൽ നടന്ന നടപടികളിലായി ആകെ 34,25,078 പേരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തു. പട്ടിക പൂർണമായും ഡിജിറ്റലൈസ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.
ബുത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുകൾ കയറി നടത്തിയ പരിശോധനയിലൂടെയാണ് അനർഹരെ കണ്ടെത്തിയത്. മരണപ്പെട്ടവർ, താമസം മാറിയവർ, ഒന്നിലധികം സ്ഥലങ്ങളിൽ വോട്ട് രേഖപ്പെടുത്തിയവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ കൃത്യമായി ശേഖരിച്ചാണ് പട്ടിക ശുദ്ധീകരിച്ചത്. 55 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, 230 ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ, 71,930 ബി.എൽ.ഒമാർ എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |