മാവോയിസ്റ്റ് ബാധിത ജില്ലകൾ 11 ആയി കുറഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് 75 മണിക്കൂറിനുള്ളിൽ 303 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഢിൽ മാത്രം ഒറ്റ ദിവസം 170 മാവോയിസ്റ്റുകൾ കീഴടങ്ങി. രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പതിറ്റാണ്ട് മുമ്പ് രാജ്യത്തെ മാവോയിസ്റ്റ് ബാധിത ജില്ലകൾ 125 ആയിരുന്നു. ഇപ്പോൾ അത് 11 ആയി കുറഞ്ഞു. രാജ്യം വൈകാതെ മാവോയിസത്തിൽ നിന്ന് പൂർണ്ണമായും മുക്തമാകും. കഴിഞ്ഞ 50-55 വർഷത്തിനിടയിൽ ആയിരക്കണക്കിന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അവർ സ്‌കൂളുകളോ ആശുപത്രികളോ നിർമ്മിക്കാൻ അനുവദിക്കില്ല. അവർ സ്ഥാപനങ്ങളിൽ ബോംബ് വെക്കും. അവർ യുവാക്കളോട് ചെയ്യുന്ന അനീതിയിൽ ഞാൻ അസ്വസ്ഥനായിരുന്നു. ഈ വേദന ഞാൻ ഇതുവരെ പങ്കുവച്ചിട്ടില്ല- ശ്രീലങ്ക പ്രധാനമന്ത്രി ഹരിണി അമരസൂര്യ, മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബ്ബോട്ട്, മുൻ യു.കെ പ്രധാനമന്ത്രി റിഷി സുനാക് എന്നിവരടങ്ങിയ സദസിനു മുന്നിൽ മോദി പറഞ്ഞു.
വഴിതെറ്റിയ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സർക്കാർ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഇപ്പോൾ കാണുന്നത്. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ സർക്കാർ തലയ്ക്ക് വിലയിട്ടവർ വരെയുണ്ടായിരുന്നു. കോൺഗ്രസ് ഭരണകാലത്ത് 'അർബൻ നക്‌സലുകൾ' സജീവമായിരുന്നു. മാവോയിസ്റ്റ് ഭീകരതയുടെ സംഭവങ്ങളൊന്നും ജനങ്ങളിലേക്ക് എത്തിയിരുന്നില്ല. കോൺഗ്രസ് ഭരണത്തിൽ വളർന്ന അവർ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയും മാവായിസ്റ്റ് ഭീകരതയ്ക്ക് മറയൊരുക്കുകയും ചെയ്തു.
മാവോയിസ്റ്റ് സാന്നിദ്ധ്യം ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന ബസ്തറിൽ വാഹനങ്ങൾ പൊട്ടിത്തെറിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നതും പതിവായിരുന്നു. എന്നാൽ ഇന്ന് അവിടെ യുവാക്കൾ കായികമേളകൾ സംഘടിപ്പിക്കുന്നു. ഇപ്പോൾ അവർക്ക് സമാധാനാന്തരീക്ഷത്തിൽ ദീപാവലി ആഘോഷിക്കാനാകുന്നു. ഇത് വലിയ മാറ്റമാണെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |