പത്തനംതിട്ട: ശബരിമല ദർശനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു നാളെയെത്തും. ഉച്ചയ്ക്ക് 12.30നും ഒരുമണിക്കും ഇടയ്ക്കാണ് ദർശന സമയം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നിലയ്ക്കലിൽ ഹെലികോപ്ടറിൽ ഇറങ്ങി കാർ മാർഗം പമ്പയിലെത്തും. പമ്പ ഗണപതി ക്ഷേത്രത്തിൽ കെട്ടു നിറയ്ക്കും.
രാഷ്ട്രപതിയുടെ സംഘത്തിൽ ആറ് പേർ ഉണ്ടെന്നാണ് അറിയുന്നത്. പമ്പയിൽ നിന്ന് രാഷ്ട്രപതിയെ ദേവസ്വം ബോർഡിന്റെ ഗൂർഖാ ജീപ്പിൽ സന്നിധാനത്ത് എത്തിക്കും. കുറച്ചുദൂരം നടക്കണമെന്ന് രാഷ്ട്രപതി പറഞ്ഞാൽ അതിനുള്ള സുരക്ഷാ ക്രമീകരണങ്ങളും സജ്ജമായി. വാഹനം ഒഴിവാക്കണമെങ്കിൽ അഞ്ച് ഡോളിയും തയ്യാർ.
ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങൾ എന്നിവർ സന്നിധാനത്ത് സ്വീകരിക്കും. ദർശനത്തിന് ശേഷം രാഷ്ട്രപതി സന്നിധാനം ദേവസ്വം റസ്റ്റ് ഹൗസിൽ വിശ്രമിക്കും. ഉച്ചഭക്ഷണം കഴിഞ്ഞ് മൂന്ന് മണിയോടെ പമ്പയിലേക്ക് മടങ്ങും. രാഷ്ട്രപതിയുമായി വൈകിട്ട് നാലരയോടെ ഹെലികോപ്ടർ നിലയ്ക്കലിൽ നിന്ന് മടങ്ങും.
ഗൂർഖാ ജീപ്പും അകമ്പടി വാഹനങ്ങളും ആംബുലൻസുകളും ഇതിനകം നാല് തവണ പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് ട്രയൽ റൺ നടത്തി. പമ്പ മുതൽ സന്നിധാനം വരെയുള്ള സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തു. ഇന്ന് എൻ.എസ്.ജി സംഘം രാഷ്ട്രപതിയുടെ യാത്രയുടെ റിഹേഴ്സൽ നടത്തും.
നാളെ വൈകിട്ട് വരെ
ഭക്തർക്ക് പ്രവേശനമില്ല
നാളത്തെ ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് റദ്ദാക്കിയിരുന്നു. രാഷ്ട്രപതി നാളെ വൈകിട്ട് നിലയ്ക്കലിൽ നിന്ന് മടങ്ങിയ ശേഷമേ പമ്പയിലേക്കും സന്നിധാനത്തേക്കും ആളുകളെ കടത്തിവിടു. ഇന്ന് രാത്രി നട അടയ്ക്കുന്നതോടെ കടകൾ അടച്ച് സന്നിധാനത്തും പമ്പയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഉടമകൾക്ക് പൊലീസ് നോട്ടീസ് നൽകി. നിലയ്ക്കൽ മുതൽ പമ്പവരെയുള്ള കടകൾ തുറക്കരുതെന്ന് നിർദ്ദേശമുണ്ട്. നിലയ്ക്കൽ - പമ്പ റൂട്ടിൽ പൊലീസ് വാഹനങ്ങളുടെ പട്രോളിംഗുണ്ടാകും. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങൾക്ക് അനുവാദമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |