
മലിനീകരണം കുറവെന്ന് ആവർത്തിച്ച് മുഖ്യമന്ത്രിയും പരിസ്ഥിതി മന്ത്രിയും
ന്യൂഡൽഹി: ദീപാവലി കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും വായുമലിനീകരണം രൂക്ഷമായി തുടരവേ മന്ത്രിമാർക്കും എം.എൽ.എമാർക്കുമായി 15 എയർ പ്യൂരിഫയർ വാങ്ങാനുള്ള ഡൽഹി സർക്കാരിന്റെ തീരുമാനം വിവാദത്തിൽ. സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നതിന് സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നതിനായി 5.5 ലക്ഷം രൂപയ്ക്ക് 15 എയർ പ്യൂരിഫയർ വാങ്ങാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശം. വിവിധ വകുപ്പുകളിലെ ഓഫീസുകളിലും കോൺഫറൻസ് ഹാളിലും മീറ്റിംഗ് റൂമുകളിലും പ്യൂരിഫയർ വയ്ക്കും. മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് പുറമെ പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസയും വായുമലിനീകരണം രൂക്ഷമല്ലെന്ന് പറഞ്ഞതിന് പിന്നാലെയാണിത്. എന്നാൽ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. എയർ പ്യൂരിഫയർ വാങ്ങാൻ തീരുമാനിച്ചതോടെ വായുമലിനീകരണം രൂക്ഷമാണെന്ന് ഉറപ്പായതായി പ്രതിപക്ഷം ആഞ്ഞടിച്ചു. മലിനീകരണം തടയാൻ സർക്കാരിന് പദ്ധതികളൊന്നുമില്ല എന്നതിന്റെ തെളിവാണിതെന്ന് ആം ആദ്മി എം.എൽ.എ സഞ്ജീവ് ഝാ പറഞ്ഞു. സാധാരണക്കാർ വിഷവായു ശ്വസിക്കുമ്പോൾ ബി.ജെ.പി മന്ത്രിമാരും എം.എൽ.എമാരും അവരുടെ ജീവൻ രക്ഷിക്കാനുള്ള മാർഗം ഉറപ്പുവരുത്തുന്നു. ഇതാണ് ഇപ്പോഴത്തെ ഡൽഹി മോഡലെന്നും ഝാ കൂട്ടിച്ചേർത്തു. മലിനീകരണത്തിന്റെ യഥാർത്ഥ കണക്കുകൾ പുറത്തുവരാതിരിക്കാൻ ബി.ജെ.പി സർക്കാർ നിരീക്ഷണകേന്ദ്രങ്ങൾ അടച്ചുപൂട്ടുകയാണെന്ന് എ.എ.പി ഡൽഹി അദ്ധ്യക്ഷൻ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.
മലിനീകരണം താരതമ്യേന കുറവാണെന്നും ദീപാവലിയുമായി മാത്രം ഇതിനെ ബന്ധപ്പെടുത്തുന്നത് ആസൂത്രിത പ്രചാരണമാണെന്നുമാണ് രേഖാ ഗുപ്ത പറഞ്ഞിരുന്നത്. പഞ്ചാബിലെ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതാണ് മലിനീകരണത്തിന് കാരണമെന്നാണ് സിർസ ആവർത്തിച്ചത്.
അതേസമയം, മലിനീകരണം ഗുരുതരമായ സ്ഥിതിയിൽ തുടരുകയാണ്. പലയിടങ്ങളിലും എ.ക്യു.ഐ 400 കടന്നു. ഡൽഹിയിലെ ശരാശരി എ.ക്യു.ഐ 345 ആണ്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ സമിതിയുടെയും കാലാവസ്ഥാ കേന്ദ്രത്തിന്റെയും നിരീക്ഷണ കേന്ദ്രങ്ങൾ ഒരേ സമയത്ത് ഓഫ്‌ലൈനായി. കാറ്റിന്റെ ഗതി മാറി വായു നിലവാരം മെച്ചപ്പെട്ടു തുടങ്ങിയതോടെയാണ് കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനം തുടങ്ങിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ആസൂത്രിതമായി ചെയ്തതാണിത്
-സഞ്ജീവ് ഝാ,
ആം ആദ്മി നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |