
കേന്ദ്രം ഇടപെടണമെന്ന്
ഇന്ത്യൻ കമ്പനികൾ
ന്യൂഡൽഹി: റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്‌ക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അവിടെ നിന്നുള്ള എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ ഇന്ത്യൻ കമ്പനികളുടെ നീക്കം.
ഉപരോധത്തിലുള്ള ആശങ്ക ഇന്ത്യൻ കമ്പനികൾ കേന്ദ്രസർക്കാരിനെ അറിയിച്ചു.
റോസ്‌നെഫ്റ്റ്, ലൂക്കോയിൽ എന്നിവയുമായുള്ള എല്ലാ ഇടപാടുകളും നവംബർ 21നകം നിറുത്തിവയ്ക്കണമെന്നാണ് യു.എസ് നിർദ്ദേശം.
നയതന്ത്രതലത്തിൽ പോംവഴി കാണണമെന്ന് റിലയൻസ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന റിലയൻസ് ഇൻഡസ്ട്രീസ് ഇറക്കുമതി താത്കാലികമായി നിറുത്തിവച്ചു. പ്രതിദിനം അഞ്ചു ലക്ഷം ബാരലാണ് വാങ്ങിയിരുന്നത്. ഉപരോധം റിലയൻസിന്റെ മറ്റു രാജ്യങ്ങളിലെ വ്യാപാരത്തെയും ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.
റഷ്യയിൽ നിന്നുള്ള എണ്ണയുടെ മൂന്നിലൊന്നും എത്തുന്നത് റിലയൻസിന്റെ റിഫൈനറികളിലേക്കാണ്.
ഇറക്കുമതിയുടെ പുനഃക്രമീകരണം നടന്നുകൊണ്ടിരിക്കുകയാണൈന്നും സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും മുന്നോട്ടുപോവുകയെന്നും റിലയൻസ് വക്താവ് അറിയിച്ചു.
നാല് ഇന്ത്യൻ പൊതുമേഖലാ എണ്ണ കമ്പനികളും ഇറക്കുമതി സംബന്ധിച്ച് പുനരാലോചന നടത്തുന്നതായാണ് വിവരം. കേന്ദ്രസർക്കാരിന്റെ നിലപാടിന് അനുസരിച്ചായിരിക്കും തീരുമാനം.
ഇന്ത്യ ക്രൂഡ് ഓയിലിന്റെ 35 ശതമാനം റഷ്യയിൽ നിന്നാണ് വാങ്ങുന്നത്. 2025ലെ ആദ്യ 9 മാസം പ്രതിദിനം 1.7 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്.
റഷ്യൻ കമ്പനികൾക്കുമേലുള്ള ഉപരോധത്തിൽ ഇളവ് തേടി യു.കെയും ജർമ്മനിയും യു.എസിനെ സമീപിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പാണിതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി. ഇന്ത്യ-യു.എസ് വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുകയാണെന്നും എന്നാൽ ഭീഷണിയിലൂടെയോ സമ്മർദ്ദത്തിലൂടെയോ ഇന്ത്യയെക്കൊണ്ട് കരാർ അംഗീകരിപ്പിക്കാൻ ആവില്ലെന്നും ഗോയൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |