
ന്യൂഡൽഹി: ഒന്നാം ഘട്ട വോട്ടെടുപ്പിലെ മികച്ച പോളിംഗിന്റെ ആത്മവിശ്വാസത്തിൽ ബീഹാറിൽ രണ്ടാം ഘട്ടത്തിനുള്ള പ്രചാരണം ശക്തമാക്കി മുന്നണികൾ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും റാലികളിൽ പങ്കെടുത്തു. ആർ.ജെ.ഡിയുടെ നുണകൾ തള്ളിക്കളഞ്ഞ് ബീഹാർ ജനത എൻ.ഡി.എയെ വീണ്ടും സ്വീകരിക്കുമെന്ന് ഔറംഗബാദിലെ റാലിയിൽ മോദി പറഞ്ഞു. എൻ.ഡി.എ സർക്കാർ തിരിച്ചുവരുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഒന്നാം ഘട്ടത്തിലെ ഉയർന്ന പോളിംഗ്. ജനം ജംഗിൾ രാജ് ആഗ്രഹിക്കുന്നില്ല. ആർ.ജെ.ഡിയുടെ വാഗ്ദാനങ്ങൾ കോൺഗ്രസ് പോലും വിശ്വസിക്കുന്നില്ല. അവരുടെ പ്രകടനപത്രികയെപ്പറ്റി കോൺഗ്രസ് ഒന്നും പറയുന്നില്ല. വോട്ടർമാർ നരേന്ദ്ര-നിതീഷ് ട്രാക്ക് റെക്കാഡിലാണ് വിശ്വസിക്കുന്നത്.
ആദ്യഘട്ട വോട്ടിംഗ് സമാധാനപരായാണ് നടന്നത്. ജംഗിൾ രാജും നല്ല ഭരണവും തമ്മിലുള്ള വ്യത്യാസമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിര. 'മോഷ്ടിക്കുന്ന"
പ്രധാനമന്ത്രി: രാഹുൽ
മോദി തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കുന്ന പ്രധാനമന്ത്രിയാണെന്ന് രാഹുൽ ആരോപിച്ചു. ഞങ്ങളുടെ കൈയിൽ ആവശ്യത്തിന് തെളിവുകളുണ്ട്. ബി.ജെ.പിയും മോദിയും വോട്ട് മോഷ്ടിക്കുന്നതെങ്ങനെയാണെന്ന് യുവാക്കൾക്ക് കാണിച്ചുകൊടുക്കും.
ഡൽഹിയിൽ വോട്ട് ചെയ്ത ബി.ജെ.പി നേതാക്കൾ ബീഹാർ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലും വോട്ട് ചെയ്തു. തെളിവ് സഹിതം കോൺഗ്രസ് അവതരിപ്പിച്ച ഹരിയാനയിലെ വോട്ടുകൊള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷേധിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
ബി.ജെ.പിയുടെ രാജ്യസഭാ എം.പി രാകേഷ് സിൻഹ ഫെബ്രുവരിയിൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും വ്യാഴാഴ്ച ബീഹാറിലും വോട്ട് ചെയ്തതായി രാഹുൽ ആരോപിച്ചു. ആം ആദ്മിയും ഇതേ ആരോപണമുന്നയിച്ചിരുന്നു. ബി.ജെ.പി സർക്കാർ ചില കോർപറേറ്റുകളുടെ വായ്പകൾ മാത്രമാണ് എഴുതിത്തള്ളുന്നതെന്നും കർഷകരുടെയും തൊഴിലാളികളുടെയും വായ്പകൾ എഴുതിത്തള്ളില്ലെന്നും രാഹുൽ പറഞ്ഞു. 24 മണിക്കൂറും പ്രധാനമന്ത്രിയുടെ മുഖം കാണിച്ചുകൊണ്ടിരിക്കാൻ ടെലിവിഷൻ ചാനലുകൾക്ക് ബി.ജെ.പി പണം നൽകിയിട്ടുണ്ടെന്നും രാഹുൽ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |