
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിനു കാരണം പൈലറ്റിന്റെ പിഴവാണെന്ന റിപ്പോർട്ടുകൾ ആരും വിശ്വസിക്കില്ലെന്ന് സുപ്രീംകോടതി. സംഭവത്തിൽ സ്വതന്ത്ര ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ക്യാപ്റ്റൻ സുമീത് അഗർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാൾ അടക്കം സമർപ്പിച്ച ഹർജികളിലാണിത്. സുമീത് അഗർവാളിനെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്,ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു.
ഏറ്റവും ദൗർഭാഗ്യകരമായ അപകടമാണുണ്ടായത്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊയുടെ (എ.എ.ഐ.ബി) പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പൈലറ്റിനെ കുറ്റപ്പെടുത്തുന്ന ഒന്നുമില്ല. ഇന്ധന നിയന്ത്രണ സ്വിച്ചുകൾ 'റൺ' പൊസിഷനിൽ നിന്ന് 'കട്ട്ഓഫ്' പൊസിഷനിലേക്ക് മാറിയിരുന്നുവെന്ന് റിപ്പോർട്ടിലുണ്ട്. ദുരന്തത്തിന്റെ കാരണം പൈലറ്രിന്റെ പിഴവല്ലെന്നും കോടതി വ്യക്തമാക്കി. യു.എസിലെ വാൾ സ്ട്രീറ്റ് ജേർണൽ പത്രം പൈലറ്റിനെ സംശയമുനയിൽ നിറുത്തി വാർത്ത നൽകിയെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ചൂണ്ടിക്കാട്ടി. അക്കാര്യങ്ങൾ കോടതിയെ ബാധിക്കില്ലെന്നും ജേർണലിനെതിരെ അമേരിക്കൻ കോടതിയെയാണ് സമീപിക്കേണ്ടതെന്നും രണ്ടംഗബെഞ്ച് പറഞ്ഞു. മോശം റിപ്പോർട്ടിംഗാണ് ആ പത്രം നടത്തിയതെന്നും കൂട്ടിച്ചേർത്തു. 91കാരനായ പുഷ്‌കരാജ് സബർവാളിന്റെയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സിന്റെയും ഹർജികളിൽ കേന്ദ്രസർക്കാരിനും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. 10ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |