
ന്യൂഡൽഹി: വനിതാ ഡോക്‌ടർ ഷഹീൻ സയീദിനെ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിലേക്കെത്തിച്ചത് ഫരീദാബാദിലെ അൽ ഫല യൂണിവേഴ്സിറ്റിയിലെ ജീവിതമെന്ന് നിഗമനം. ബ്രെയിൻ വാഷിംഗിന് വിധേയയായി ജെയ്‌ഷെയുടെ വനിതാ റിക്രൂട്ട്മെന്റ് വിഭാഗമായ ജമാഅത്തുൽ മൊമിനാതിന്റെ ഇന്ത്യയിലെ മേധാവി വരെയായി ഷഹീൻ. ഇവർ പാക് ഭീകരരുമായി നിരന്തരം ബന്ധം സ്ഥാപിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് എത്ര സ്ത്രീകളെ ഭീകരസംഘടനയിലേക്ക് ഷഹീൻ റിക്രൂട്ട് ചെയ്‌തു തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയാണ്. വിവാഹമോചനത്തിന് ശേഷം ഷഹീൻ ഒറ്റപ്പെട്ടു. ഇതിനിടെയാണ് ഫരീദാബാദ് അൽ ഫലാ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപികയായത്. ഈ സമയം ഭീകരഗ്രൂപ്പുകളുമായി ബന്ധം തുടങ്ങിയെന്നാണ് നിഗമനം. യൂണിവേഴ്സിറ്റിയിലെ ഷഹീൻ അടക്കമുള്ള മൂന്നു ഡോക്‌ടർമാർ ജെയ്ഷെ മുഹമ്മദുമായി നേരിട്ട് ബന്ധമുള്ളവരാണെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന സൂചന. ഫരീദാബാദിൽ രണ്ട് വാടക കെട്ടിടങ്ങളിലായി സൂക്ഷിച്ചിരുന്ന 2,900ൽപ്പരം സ്‌ഫോടകവസ്‌തുക്കളും ആയുധങ്ങളും പിടിച്ചെടുത്ത കേസിൽ ഇതേ കോളേജിലെ ഡോ. മുസമ്മിൽ അഹമ്മദ് ഗനായ് അറസ്റ്റിലായിരുന്നു. കാറിൽ അത്യാധുനിക തോക്ക് കണ്ടെത്തിയതാണ് ഷഹീനെ കുടുക്കിയത്. ഇവരുടെ അറസ്റ്റിനുപിന്നാലെയായിരുന്നു ചെങ്കോട്ടയ്‌ക്കു സമീപത്തെ ഉഗ്ര സ്‌ഫോടനം. അവിടെ ചിതറിത്തെറിച്ച ഡോ.ഉമർ നബി ഇതേ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു.
കുടിയേറണമെന്ന്
വാശി: മുൻ ഭർത്താവ്
2006ലാണ് അലഹബാദിൽ നിന്ന് ഷഹീൻ മെഡിക്കൽ ബിരുദമെടുത്തത്. പൾമനോളജി പ്രൊഫസറായിരുന്നു. 'വിവാഹശേഷം മഹാരാഷ്ട്രയിൽ എനിക്കൊപ്പമായിരുന്നു ഷഹീൻ. രണ്ടു കുട്ടികളുടെ അമ്മയായി. മതപരമായ കാര്യങ്ങളിൽ ഷഹീൻ വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല. ഇതിനിടെയാണ്, ഓസ്‌ട്രേലിയയിലേക്കോ യൂറോപ്പിലേക്കോ കുടിയേറണമെന്ന് ഷഹീൻ വാശിപിടിച്ചത്. അഭിപ്രായവ്യത്യാസങ്ങളുണ്ടായപ്പോൾ 2015ൽ വിവാഹമോചിതരായി. പിന്നീട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. കുട്ടികൾ എനിക്കൊപ്പമാണ്"- ഷഹീന്റെ മുൻ ഭർത്താവ് ഡോ. ഹയാത് സഫർ പറയുന്നു.
ദുരൂഹതയുള്ള
വ്യക്തിത്വം
ഷഹീന്റേത് ദുരൂഹതയുള്ള വ്യക്തിത്വമായിരുന്നുവെന്ന് അൽ ഫല യൂണിവേഴ്സിറ്റിയിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അദ്ധ്യാപിക പറഞ്ഞു. പുറത്തുനിന്ന് നിരവധി പേർ അവരെ കാണാൻ കോളേജിൽ വരുമായിരുന്നു. അച്ചടക്കമില്ല. ആരോടും ഒന്നും പറയാതെ അപ്രത്യക്ഷമാകുന്ന പതിവ്. മാനേജ്മെന്റിന് മുന്നിൽ പരാതികളെത്തിയിരുന്നുവെന്നും അവർ വ്യക്തമാക്കി.
സഹോദരനും
കൂട്ടാളി ?
ലക്‌നൗ ദാലിഗഞ്ച് സ്വദേശിയാണ് ഷഹീൻ. മൂന്നു മക്കളാണ് തനിക്കുള്ളതെന്ന് ഷഹീന്റെ പിതാവ് സയിദ് അഹമ്മദ് അൻസാരി പറഞ്ഞു. മൂത്ത മകൻ മുഹമ്മദ് ഷോയിബിനൊപ്പമാണ് താമസം. രണ്ടാമത്തേതാണ് മകൾ. ഇളയമകൻ പർവേസ് അൻസാരി. ഇയാൾ ഏജൻസികളുടെ കസ്റ്റഡിയിലാണ്. നിർണായക രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും അടക്കം പർവേസിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്നാണ് സൂചന. ലക്‌നൗവിലെ ഷഹീന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തവ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |