
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ ആസൂത്രണം തുർക്കിയിലായിരുന്നെന്ന നിഗമനത്തിൽ എൻ.ഐ.എ എത്തിയതോടെ, നടന്നത് വൻ ഗൂഢാലോചനയാണെന്ന് തെളിഞ്ഞു. അയോദ്ധ്യയിലുൾപ്പെടെ സ്ഫോടനം നടത്തി ഓപ്പറേഷൻ സിന്ദൂറിന് മറുപടി നൽകാനുള്ള പാക് ഭീകരരുടെ ഹീന നീക്കത്തിന് തുർക്കി കുടപിടിക്കുകയായിരുന്നു. ഇതിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് എൻ.ഐ.എ ശ്രമം.
ഒപ്പറേഷൻ സിന്ദൂർ ദിനങ്ങളിൽ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചതും തുർക്കി നൽകിയ ഡ്രോണുകളാണ്. ഇവയെ ആകാശത്തുവച്ച് ചാരമാക്കിയിരുന്നു.
തുർക്കി തലസ്ഥാനമായ അങ്കാറയിലിരുന്ന് 'ഉകാസ" എന്ന് വിളിപ്പേരുള്ള ജെയ്ഷെ ഭീകരൻ 'വൈറ്റ് കോളർ" ഭീകരസംഘത്തിന് നിർദ്ദേശം നൽകിയെന്ന നിർണായക വിവരമാണ് ഏജൻസികൾക്ക് ലഭിച്ചത്. കാറിൽ പൊട്ടിച്ചിതറിയ ഡോ. ഉമർ നബിയും ഫരീദാബാദിൽ പിടിയിലായ ഡോ. മുസമ്മിൽ അഹമ്മദ് ഗനായിയും 2021 മുതൽ പലതവണ തുർക്കി സന്ദർശിച്ചിരുന്നു. അവിടെ വച്ച് ജെയ്ഷെ മുഹമ്മദ് നേതാക്കളെ കണ്ടെന്നാണ് വിവരം. അതേസമയം, തുർക്കി എംബസി ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു.
8 ഭീകരർ, ലക്ഷ്യം
4 നഗരങ്ങൾ
ഡിസംബർ 6ന് ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികത്തിൽ ഡൽഹി, അയോദ്ധ്യ, പ്രയാഗ്‌രാജ് ഉൾപ്പെടെ നാല് നഗരങ്ങളിൽ ഉഗ്ര സ്‌ഫോടനങ്ങൾക്കായിരുന്നു പദ്ധതി. എട്ടുപേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിരുന്നു. ഇതിൽ ഒരാളാണ് ചെങ്കോട്ടയ്‌ക്ക് സമീപം പൊട്ടിത്തെറിച്ച ഡോ. ഉമർ നബി. ഫരീദാബാദ് അൽ ഫലാ യൂണിവേഴ്സിറ്റിയിലെ ഡോ.ഷഹീൻ സയീദ്, ഡോ. മുസമ്മിൽ അഹമ്മദ് ഗനായ്, പുൽവാമ സ്വദേശി ഡോ. ആദിൽ അഹമ്മദ് റാത്തർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. അംഗമാണെന്ന് കരുതുന്ന കാൺപൂരിലെ ഡോക്‌ടർ മുഹമ്മദ് ആരിഫും ഇന്നലെ അറസ്റ്റിലായി. മറ്റൊരംഗം ഡോ. മുസാഫിറിനായി റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.
ബോംബുവയ്ക്കാൻ
32 കാറുകൾ
ഉഗ്ര സ്‌ഫോടനങ്ങൾക്ക് ഉപയോഗിക്കാൻ 32 പഴയ കാറുകൾ വാങ്ങാൻ ശ്രമം തുടങ്ങിയിരുന്നു. പൊട്ടിത്തെറിച്ച ഹ്യൂണ്ടായ് ഐ 20 അതിലൊന്നാണ്. ബുധനാഴ്ച കണ്ടെത്തിയ ഫോർഡ് ഇക്കോ സ്‌പോർട്ടും, ഇന്നലെ അൽ ഫലാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് പിടിച്ചെടുത്ത സുസുക്കി ബ്രെസ്സയും ഇത്തരത്തിൽ ഉപയോഗിക്കാൻ വാങ്ങിയതാണ്. യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ നിന്ന് ഡയറികളും പിടിച്ചെടുത്തു. ടെലഗ്രാമിൽ രഹസ്യ ചാറ്റ്ഗ്രൂപ്പും രൂപീകരിച്ചിരുന്നു.
ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് അമിത് ഷാ
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്കു സമീപത്തെ സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ആ ശിക്ഷ ഒരു സന്ദേശമാകും. ഇനി ഇത്തരത്തിൽ ഒരു ആക്രമണത്തെ കുറിച്ച് ആലോചിക്കാൻ പോലും ധൈര്യപ്പെടാത്ത രീതിയിലായിരിക്കുമെന്നും അമിത് ഷാ പ്രതികരിച്ചു. ഇന്നലെ ദേശീയ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐ.ബി ഡയറക്‌ടർ തപൻ ദേക എന്നിവരുമായി സുരക്ഷാ സാഹചര്യം വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |