
ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന ഇടമായി തിരുവനന്തപുരം കാട്ടാക്കടയിലെ കള്ളിക്കാട് ഗ്രാമം മാറാൻ പോകുന്നു. ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്സ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ (ബി.എ.ടി.എൽ) അത്യാധുനിക മിസൈൽ നിർമ്മാണ യൂണിറ്റായി മാറുകയാണിവിടം. നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ 457 ഏക്കർ ഭൂമിയിൽ 257 ഏക്കർ മൂന്നു പദ്ധതികൾക്കായി വിട്ടുകൊടുക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് അനുമതി നൽകിയതോടെയാണിത്. ലഖ്നൗവിലെ യൂണിറ്റിൽ പ്രതിവർഷം 100മിസൈലുകൾ വരെ നിലവിൽ നിർമ്മിക്കുന്നുണ്ട്.
ബി.എ.ടി.എൽ ന്റെ ചാക്ക യൂണിറ്റിൽ ബ്രഹ്മോസിന്റെ പാർട്സുകളാണ് ഇപ്പോൾ നിർമ്മിക്കുന്നത്. കാട്ടാക്കടയിൽ ബാരഹ്മോസ് മിസൈൽ നിർമ്മിക്കുന്ന പദ്ധതിയാണ് വരുന്നത്. എസ്.എസ്.ബി ബറ്രാലിയൻ ആസ്ഥാനം, നാഷണൽ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റി എന്നിവയ്ക്കും കള്ളിക്കാട്ടെ നെട്ടുകാൽത്തേരിയിൽ സ്ഥലം നൽകാൻ സുപ്രീംകോടതി അനുമതി നൽകി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
തുറന്ന ജയിലിനായി 200 ഏക്കർ നിലനിറുത്തും. ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്സ് ട്രിവാൻഡ്രം ലിമിറ്റഡിന് (ബി.എ.ടി.എൽ) 180 ഏക്കറും, സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ആസ്ഥാനം സ്ഥാപിക്കാൻ 45 ഏക്കറും, നാഷണൽ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റിക്കായി 32 ഏക്കറും കൈമാറും.
അത്യാധുനിക ബ്രഹ്‌മോസ് മിസൈലിനു പുറമെ തന്ത്രപ്രധാനമായ ഹാർഡ്‌വെയറുകളും നെട്ടുകാൽത്തേരിയിൽ നിർമ്മിക്കും.
അനുമതിക്കു പിന്നിൽ?
തുറന്ന ജയിലുകളുടെ ഭൂമി മറ്രാവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീംകോടതിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. അതിനാലാണ് സ്റ്റാൻഡിംഗ് കോൺസൽ നിഷേ രാജൻ ശങ്കർ മുഖേന സംസ്ഥാന സർക്കാർ പരമോന്നത കോടതിയെ സമീപിച്ചത്.
15 വർഷം, 2500 കോടി ജി.എസ്.ടി
ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്സ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ ഒരു യൂണിറ്റ് കൂടി വരുന്നതോടെ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഊർജ്ജമാകുമെന്നാണ് വിലയിരുത്തൽ. 15 വർഷം കൊണ്ട് 2500 കോടിയിൽപ്പരം രൂപ സംസ്ഥാനത്തിന് ജി.എസ്.ടി വരുമാനമുണ്ടാകുമെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. രാജ്യസുരക്ഷയ്‌ക്കും, പ്രതിരോധ വളർച്ചയ്‌ക്കും സംസ്ഥാനത്തിന് സംഭാവന നൽകാനാകും. 500ൽപ്പരം എൻജിനിയർമാർക്കും സാങ്കേതിക വിദഗ്ദ്ധർക്കും പ്രത്യക്ഷമായി ജോലി ലഭിക്കും. നൂറോളം പരോക്ഷ തൊഴിലവസരങ്ങളുമുണ്ടാകും.
ജയിലിന് ബുദ്ധിമുട്ടില്ല
മൂന്നു പദ്ധതികൾക്കുമായി ഭൂമി അനുവദിക്കുന്നതു കാരണം തുറന്ന ജയിലിലെ പ്രതികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. നിലവിൽ 457ഏക്കറിലെ 100 ഏക്കറിൽ മാത്രമാണ് തുറന്ന ജയിലിന്റെ പ്രധാന പ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |