
ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്‌കരണത്തെ (എസ്.ഐ.ആർ) ചൊല്ലി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തുടർച്ചയായ രണ്ടാം ദിവസവും നടപടികൾ തടസപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്രസർക്കാർ. ചർച്ച വേണമെന്ന ആവശ്യത്തെത്തുടർന്ന് 9, 10 തീയതികളിൽ ലോക്‌സഭയിൽ ചർച്ച നടത്തും. വന്ദേമാതരത്തിന്റെ150-ാം വാർഷിക ചർച്ചയ്‌ക്ക് ശേഷം ലോക്‌സഭയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ എസ്.ഐ.ആറിൽ ചർച്ച നടത്താനാണ് ബിസിനസ് ഉപദേശക സമിതി യോഗത്തിലുണ്ടായ തീരുമാനം. ലോക്‌സഭയ്‌ക്കുശേഷം രാജ്യസഭയും വിഷയം ചർച്ച ചെയ്യും. ബിസിനസ് ഉപദേശക സമിതി യോഗത്തിന് മുൻപ് ആഭ്യന്തര മന്ത്രി അമിത് ഷാ, മന്ത്രിമാരായ കിരൺ റിജിജു, ജെ.പി.നദ്ദ, പിയൂഷ് ഗോയൽ എന്നിവർ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
വന്ദേമാതരം ചർച്ച
തിങ്കളാഴ്‌ച നടക്കുന്ന പത്തുമണിക്കൂർ വന്ദേമാതരം ചർച്ചയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം 1875 നവംബർ 7ന് പ്രസിദ്ധീകരിച്ചതിന്റെ 150-ാം വാർഷികമാണ് ആചരിക്കുന്നത്. ഇത്തരം പ്രധാന വിഷയങ്ങൾക്കാണ് മുൻഗണനയെന്ന് റിജിജു വ്യക്തമാക്കിയിരുന്നു.
എസ്.ഐ.ആർ പ്രതിഷേധം
ഇന്നലെ രാവിലെ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ പാർലമെന്റിന്റെ മകർ ദ്വാർ കവാടത്തിന് മുന്നിൽ എസ്.ഐ.ആറിനെതിരെ പ്രതിഷേധിച്ചിരുന്നു. രാവിലെ 11ന് ഇരുസഭകളും ചേർന്നപ്പോൾ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നു. എസ്.ഐ.ആർ ചർച്ചചെയ്യാമെന്ന് സർക്കാർ അറിയിച്ചെങ്കിലും കൃത്യമായ ഉറപ്പുവേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ലോക്‌സഭ 12 വരെ നിറുത്തിവച്ചു. രണ്ടിന് ചേർന്ന ശേഷം പിരിയുകയും ചെയ്‌തു.
രാജ്യസഭയിൽ പ്രതിഷേധം വകവയ്‌ക്കാതെ അദ്ധ്യക്ഷൻ സി.പി.രാധാകൃഷ്‌ണൻ നടപടികൾ മുന്നോട്ടുകൊണ്ടുപോയി. വൈകിട്ട് മൂന്നിന് പ്രതിപക്ഷം എസ്.ഐ.ആറിനെ ചൊല്ലി വാക്കൗട്ട് നടത്തിയതിന് പിന്നാലെ മണിപ്പൂർ ജി.എസ്.ടി ബിൽ പാസാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |