
ന്യൂഡൽഹി: ഇന്ത്യയുമായി ഉഭയകക്ഷി സഹകരണവും വാണിജ്യ-സാമ്പത്തിക-പ്രതിരോധ ഇടപാടുകളും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെത്തിയത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള ക്രമവും റഷ്യ-യുക്രെയിൻ സംഘർഷവും പുട്ടിന്റെ സന്ദർശനത്തിന് ആഗോള പ്രാധാന്യം നൽകുന്നു.
പ്രതിരോധ ബന്ധം, ഊർജ്ജ സുരക്ഷ, വ്യാപാരം, വിവിധ മേഖലകളിലെ സഹകരണം തുടങ്ങി തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള ചർച്ചകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി- പുട്ടിൻ കൂടിക്കാഴ്‌ചയിൽ പ്രതീക്ഷിക്കുന്നത്. പ്രധാന ആഗോള, പ്രാദേശിക വിഷയങ്ങളിലും ചർച്ച നടക്കും.
2025 സെപ്തംബർ ഒന്നിന് ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്.സി.ഒ രാഷ്ട്രത്തലവന്മാരുടെ യോഗത്തോടനുബന്ധിച്ചാണ് ഇരുവരും ഒടുവിൽ കണ്ടത്.
വ്യാവസായിക സഹകരണം, നൂതന സാങ്കേതികവിദ്യകൾ, സമാധാനപരമായ ബഹിരാകാശ പര്യവേക്ഷണം, ഗതാഗതം, ഖനനം, ആരോഗ്യ സംരക്ഷണം, തൊഴിൽ മേഖലകളിലും പ്രഖ്യാപനങ്ങളുണ്ടേയാക്കും.
വാർഷിക ഉച്ചകോടി
ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം അരക്കിട്ടുറപ്പിക്കുന്ന സംഭാഷണ സംവിധാനമാണ് പ്രധാനമന്ത്രിയും പുട്ടിനുമായുള്ള വാർഷിക ഉച്ചകോടി. ഇന്ത്യയിലും റഷ്യയിലുമായി 22 വാർഷിക ഉച്ചകോടികൾ നടന്നിട്ടുണ്ട്. അവസാന ഉച്ചകോടി 2024 ജൂലായിൽ മോസ്കോയിലായിരുന്നു.
സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യ-റഷ്യ ഇന്റർഗവൺമെന്റൽ കമ്മിഷൻ ഫോർ ട്രേഡ്, ഇക്കണോമിക്, സയന്റിഫിക് ആൻഡ് കൾച്ചറൽ കോ-ഓപ്പറേഷൻ (ഐ.ആർ.ഐ.ജി.സി-ടെക്) യോഗവും നടക്കും. വ്യാപാര തടസം പരിഹരിക്കൽ, കണക്റ്റിവിറ്റി വർദ്ധിപ്പിക്കൽ, പണമിടപാട് സംവിധാനം സുഗമമാക്കൽ, 2030 വരെയുള്ള സാമ്പത്തിക സഹകരണ പരിപാടി സമയബന്ധിതമായ നടത്തൽ, ഇന്ത്യ-യൂറേഷ്യൻ വ്യാപാര കരാർ തുടങ്ങിയവ അജണ്ടയിൽ.
നിക്ഷേപം
ഇന്ത്യയിലെ എണ്ണ, വാതകം, പെട്രോകെമിക്കൽസ്, ബാങ്കിംഗ്, റെയിൽവേ, സ്റ്റീൽ മേഖലകളിൽ റഷ്യയുടെയും റഷ്യയിലെ എണ്ണ, വാതക, ഫാർമസ്യൂട്ടിക്കൽ മേഖലകളിലെ ഇന്ത്യൻ നിക്ഷേപവും വർദ്ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷ.
പ്രതിരോധ സഹകരണം
റഷ്യൻ ഉത്പന്നങ്ങളുടെ ഉപയോക്താവ് എന്ന നിലയിൽ നിന്ന് സാങ്കേതികവിദ്യകളുടെയുംസംവിധാനങ്ങളുടെയും സംയുക്തഗവേഷണം, വികസനം, ഉത്പാദനം എന്നിവയിലേക്ക് ഇരു രാജ്യങ്ങളുടെയും പ്രതിരോധ സഹകരണം മാറി. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൂടുതൽ യൂണിറ്റുകൾ റഷ്യയിൽ നിന്ന് വാങ്ങാനുള്ള കരാറിനൊപ്പം പുതിയ എസ്-500 ഇടപാടിൽ ധാരണയും പ്രതീക്ഷിക്കുന്നു. സുഖോയ് 57 യുദ്ധവിമാന ഇടപാടിനുള്ള ചർച്ചകളുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |