
ബാങ്കോക്ക്: 25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നിശാ ക്ലബ്ബ് തീപിടിത്തിന് പിന്നാലെ ഇന്ത്യയിൽ നിന്ന് കടന്ന പ്രധാന പ്രതികളായ ലൂത്ര സഹോദരന്മാർ തായ്‌ലൻഡിൽ പിടിയിലായി. അർപോറയിലെ ബേർച്ച് ബൈ റോമിയോ ലെയ്ൻ ക്ലബ്ബിന്റെ ഉടമകളായ സൗരഭ് ലൂത്രയും, ഗൗരവ് ലൂത്രയും തീപിടിത്തമുണ്ടായി മണിക്കൂറുകൾക്കകം തായ്‌ലൻഡിലേക്ക് കടക്കുകയായിരുന്നു.
ഇന്നലെ ഫൂകെറ്റിൽ നിന്ന് ഇന്ത്യൻ-തായ് ഉദ്യോഗസ്ഥരുടെ ഏകോപിത ശ്രമത്തിലൂടെയാണ് ഇരുവരെയും വലയിലാക്കിയത്. ഇവരെ ഉടൻ ഇന്ത്യയിലെത്തിക്കും. ഇരുവർക്കുമെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയതാണ് അറസ്റ്റിന് വഴിയൊരുക്കിയത്. കേന്ദ്ര സർക്കാർ ഇവരുടെ പാസ്പോർട്ട് സസ്പെൻഡ് ചെയ്തിരുന്നു. പാസ്‌പോർട്ട് റദ്ദാക്കപ്പെട്ടതിനാൽ തായ് ഇമിഗ്രേഷൻ നിയമ പ്രകാരം ഇരുവരെയും ഉടൻ നാടുകടത്തും. ഗോവ പൊലീസ് ടീം തായ്‌ലൻഡിലെത്തി ഇവരെ കസ്റ്റഡിയിൽ വാങ്ങും.
ഫൂകെറ്റിൽ വ്യത്യസ്ത സ്ഥലങ്ങളിൽ മാറിമാറി താമസിച്ച ലൂത്ര സഹോദരന്മാരെ ഒരു റിസോർട്ടിൽ നിന്നാണ് ഒടുവിൽ പിടികൂടിയത്. ലൂത്ര സഹോദരന്മാർക്ക് ഡൽഹിയിലെ അഡിഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിൽ നിന്ന് നാലാഴ്ചത്തെ സംരക്ഷണം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും ഇടപെടാൻ അഡിഷണൽ സെഷൻസ് ജഡ്‌ജി വന്ദന തയ്യാറായില്ല. മുൻകൂർ ജാമ്യാപേക്ഷയെ ഗോവ സർക്കാർ ശക്തമായി എതിർത്തിരുന്നു.
ഞായറാഴ്ച പുലർച്ചെയാണ് ക്ലബ്ബിൽ തീപിടിത്തമുണ്ടായത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഫയർ ഷോ സംഘടിപ്പിച്ചതാണ് വൻദുരന്തത്തിന് വഴിവച്ചത്. മരിച്ചവരിൽ 14 പേർ ക്ലബ്ബ് ജീവനക്കാരും 4 പേർ വിദേശികളുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |