
ന്യൂഡൽഹി: മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഡ്രഡ്‌ജർ അഴിമതിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ച കേന്ദ്രസർക്കാരിന് സുപ്രീംകോടതി 25,000 രൂപ പിഴ ചുമത്തി. കോടതിയെ വിഡ്‌ഢിയാക്കാനാണോ ശ്രമമെന്നും ജസ്റ്റിസുമാരായ രാജേഷ് ബിൻഡൽ, വിജയ് ബിഷ്ണോയ് എന്നിവരുൾപ്പെട്ട ബെഞ്ച് ചോദിച്ചു.
കേസന്വേഷണത്തിന്റെ ഭാഗമായി നെതർലൻഡ്സിലേക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക നവംബറിൽ സംസ്ഥാന വിജിലൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു എന്നാൽ, കിട്ടിയിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. കത്തിന്റെ പകർപ്പ് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കൈമാറിയതോടെ സത്യാവസ്ഥ അറിയിക്കാൻ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോട് കോടതി ആവശ്യപ്പെട്ടു.
ഉച്ചയ്‌ക്കുശേഷം വീണ്ടും പരിഗണിച്ചപ്പോൾ, കത്ത് ലഭിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് തെറ്റുപറ്റിയതാണ്. പതിനായിരത്തിലധികം കേസുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കുണ്ടായ ചെറിയതെറ്റ് ക്ഷമിക്കണമെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ അഭ്യർത്ഥിച്ചു.
തെറ്രായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവിട്ടിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് ചോദിച്ചാണ് കോടതി പിഴ ചുമത്തിയത്. 50,000 രൂപ പിഴയിടാനാണ് തീരുമാനിച്ചതെങ്കിലും അഡി. സോളിസിറ്റർ ജനറൽ അഭ്യർത്ഥിച്ചതിനെ തുടർന്ന് 25,000മായി കുറയ്‌ക്കുകയായിരുന്നു.
ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാരും പൊതുപ്രവർത്തകനായ സത്യൻ നരവൂരും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഏപ്രിൽ 21ന് വീണ്ടും പരിഗണിക്കും.
ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാം
ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരിൽനിന്ന് പിഴത്തുക ഈടാക്കി എടുക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. കേസിലുൾപ്പെട്ട ഡച്ച് കമ്പനി അധികൃതരെ ചോദ്യം ചെയ്യാനാണ് ഉദ്യോഗസ്ഥർ നെതർലൻഡ്സിലേക്ക് പോകാനൊരുങ്ങുന്നത്. ജേക്കബ് തോമസ് പോർട്ട് ഡയറക്‌ടറായിരിക്കെ, ടെക്‌നിക്കൽ കമ്മിറ്റിയെ മറികടന്ന് ഡ്രഡ്‌ജർ ഇടപാടിന് ഒത്താശ ചെയ്‌തെന്നാണ് വിജിലൻസ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |