
ന്യൂഡൽഹി: നുഴഞ്ഞുകയറ്റത്തെ എതിർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുടെ പുതിയ അദ്ധ്യക്ഷൻ നിതിൻ നബിനും. ഇന്നലെ ബി.ജെ.പി അദ്ധ്യക്ഷനായി നബിൻ ചുമതലയേറ്റപ്പോൾ ഇരുവരും നടത്തിയ പ്രസംഗത്തിലാണിത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാൾ,അസാം,കേരള സംസ്ഥാനങ്ങളിൽ നുഴഞ്ഞു കയറ്റം ഹിന്ദുസമുദായത്തെ പിന്നോട്ടടിപ്പിക്കുന്നുവെന്ന മുദ്രാവാക്യം ബി.ജെ.പി ഇത് ഉയർത്തുമെന്ന് വ്യക്തമാക്കുന്നു. ബീഹാർ തിരഞ്ഞെടുപ്പിലും ബി.ജെ.പി ഇതേ തന്ത്രം ആർ.ജെ.ഡി-കോൺഗ്രസ് സഖ്യത്തെ തടയാൻ ഉപയോഗിച്ചിരുന്നു.
രാജ്യത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി നുഴഞ്ഞുകയറ്റമാണ്. ലോകത്ത് ആരും നുഴഞ്ഞുകയറ്റക്കാരെ സ്വീകരിക്കുന്നില്ല. ഇന്ത്യയിലും നുഴഞ്ഞുകയറ്റക്കാരെ പാവപ്പെട്ടവരുടെയും യുവാക്കളുടെയും അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല. നുഴഞ്ഞുകയറ്റക്കാർ രാജ്യ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണ്. അവരെ തിരിച്ചറിഞ്ഞ് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്‌ക്കണം. പല പ്രതിപക്ഷ പാർട്ടികളും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണ് -പ്രധാനമന്ത്രി പറഞ്ഞു.
കുടിയേറ്റത്തിലൂടെയും മറ്റും ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം,പശ്‌ചിമ ബംഗാൾ,അസാം,പുതുച്ചേരി,തമിഴ്‌നാട് സംസ്ഥാനങ്ങളിൽ പാർട്ടിക്ക് വെല്ലുവിളിയാണെന്ന് നബിൻ ചുമതലയേറ്റ ശേഷം പറഞ്ഞു. ഈ സംസ്ഥാനങ്ങളിലെ മാറുന്ന ജനസംഖ്യാശാസ്‌ത്രം വ്യാപകമായി ചർച്ച ചെയ്യപ്പെടും. ബി.ജെ.പി പ്രവർത്തകരുടെ പോരാട്ടവും കഠിനാദ്ധ്വാനവും അഞ്ച് സംസ്ഥാനങ്ങളിലും വിജയം നൽകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പാർലമെന്റിൽ വിജയം
എത്തിക്കണം"
കേരളം അടക്കം സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിജയം പാർലമെന്റിലേക്കെത്തിക്കാൻ കഠിനാദ്ധ്വാനം ചെയ്യണമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ നിതിൻ നബിൻ. രാഷ്ട്രീയം കുറുക്കുവഴിയല്ല. സഹിഷ്‌ണുത വിജയം നിശ്ചയിക്കുന്ന നീണ്ട മാരത്തൺ ആണ്. തുടർച്ചയായ പരിശ്രമവും അടിസ്ഥാന അടിത്തറ ശക്തിപ്പെടുത്തലും അത്യാവശ്യം. എല്ലാ പ്രവർത്തകരും കേന്ദ്ര നേതൃത്വത്തിന്റെ 'വാച്ച് ടവറിന്' കീഴിലാണ്. ബൂത്ത്, മണ്ഡലം തലങ്ങൾ സജീവമാണോയെന്ന് കേന്ദ്ര നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ കാർത്തിക ദീപം ഉത്സവം തടസപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചത് സാംസ്കാരികവും ആത്മീയവുമായ പാരമ്പര്യങ്ങളെ തകർക്കാനുള്ള ബോധപൂർവമായ ഗൂഢാലോചനയാണ്. 370-ാം വകുപ്പ് റദ്ദായ ശേഷം ജമ്മുകാശ‌്‌മീരിൽ ത്രിവർണ പതാക പറക്കുന്നു. ഒരു കാലത്ത് അവിടെ പാകിസ്ഥാൻ പതാക പാറിക്കളിച്ചപ്പോൾ കേന്ദ്രം ഭരിച്ചവർ നിശബ്ദത പാലിക്കുമായിരുന്നു. യുവാക്കൾ രാഷ്ട്രീയത്തിൽ നിന്ന് അകലുന്നത് ഒന്നിനും പരിഹാരമല്ല. മൂല്യാധിഷ്ഠിത രാഷ്ട്രീയ സംസ്കാരം കെട്ടിപ്പടുക്കാൻ, മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |