
റോസ്ഗാർ മേളയിൽ 61,000 നിയമന ഉത്തരവുകൾ കൈമാറി
ന്യൂഡൽഹി: വിദേശരാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ ഇന്ത്യയിലെ യുവജനങ്ങൾക്ക് വൻനേട്ടമാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനകത്തും പുറത്തും യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുന്നു. നിരവധി രാജ്യങ്ങളുമായി വ്യാപാര-കൈമാറ്റ കരാറുകളിൽ ഏർപ്പെടുന്നു. ഇത് എണ്ണമറ്റ അവസരങ്ങളാണ് തുറന്നു നൽകുന്നത്. ഇന്നലെ 18-ാമത് റോസ്ഗാർ മേളയെ വീഡിയോ കോൺഫറൻസ് മുഖേന അഭിസംബോധന ചെയ്യുകയായിരുന്നു മോദി. രാജ്യത്തെ 45 ഇടങ്ങളിലായി 61,000 നിയമന ഉത്തരവുകൾ കൈമാറി. വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലേക്കാണ് നിയമനം. നിയമനഉത്തരവുകൾ രാഷ്ട്രനിർമ്മാണത്തിനുള്ള ക്ഷണമാണെന്നും ജീവിതത്തിലെ പുതിയ അദ്ധ്യായത്തിന്റെ തുടക്കമാണെന്നും മോദി ഓർമ്മപ്പെടുത്തി. 8000ലധികം വനിതകൾക്കുൾപ്പെടെയാണ് നിയമനം. കഴിഞ്ഞ 11 വർഷത്തിനിടെ തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം ഇരട്ടിയായി. മുദ്ര, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികൾ സ്ത്രീകൾക്ക് വലിയ രീതിയിൽ ഗുണകരമായി. സ്ത്രീകളുടെ സ്വയം തൊഴിൽ നിരക്ക് 15 ശതമാനത്തോളം വർദ്ധിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.
11 ലക്ഷം റിക്രൂട്ട്മെന്റുകൾ
റോസ്ഗാർ മേളയിലൂടെ ഇതുവരെ 11 ലക്ഷം റിക്രൂട്ട്മെന്റുകൾ നടന്നു. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ യുവജനതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് മോദി പറഞ്ഞു. അടിസ്ഥാനസൗകര്യ വികസന മേഖലയിൽ ഇന്ത്യ നടത്തിയ അഭൂതപൂർവമായ നിക്ഷേപം, നിർമ്മാണ മേഖലയിലുടനീളം തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചു. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് രംഗം അതിവേഗം വികസിക്കുന്നു. രണ്ട് ലക്ഷത്തിൽപ്പരം സ്റ്റാർട്ടപ്പുകളിലായി 21 ലക്ഷത്തിലധികം യുവാക്കൾ ജോലി ചെയ്യുന്നു. ഡിജിറ്റൽ ഇന്ത്യ പുതിയ സമ്പദ്‌വ്യവസ്ഥയ്ക്ക് വഴിതുറന്നു. അനിമേഷൻ, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ഇന്ത്യ ആഗോള കേന്ദ്രമായി മാറുന്നു. ഒരു ദശകത്തിനുള്ളിൽ ജി.ഡി.പി ഇരട്ടിയാക്കിയ ലോകത്തിലെ ഏക സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണ്. ഇന്ന് നൂറിലധികം രാജ്യങ്ങൾ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം രണ്ടര ഇരട്ടിയിലധികം വർദ്ധിച്ചത് തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചെന്നും മോദി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |