
ലക്‌നൗ: ഭിന്നശേഷിക്കാർക്കുള്ള റിസർവേഷൻ ക്വാട്ടയിൽ കയറിക്കൂടാനായി വിദ്യാർത്ഥി കാൽ മുറിച്ചുമാറ്റിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അജ്ഞാതരായ രണ്ട് അക്രമികൾ തന്നെ ആക്രമിച്ചതായും അവർ കാൽ മുറിച്ചുമാറ്റിയെന്നുമാണ്
24 കാരനായ സൂരജ് ഭാസ്‌കർ കുടുംബത്തോട് പറഞ്ഞത്. അന്വേഷണത്തിൽ യഥാർത്ഥ കഥ പുറത്തുവന്നതോടെ ഞെട്ടലിലാണ് കുടുംബം. ഉത്തർപ്രദേശിലെ ജൗൻപുർ സ്വദേശിയായ സൂരജിന് സൂരജിന് ഡി ഫാം ബിരുദമുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി എം.ബി.ബി.എസിനായി തയ്യാറെടുക്കുകയാണ്.
സൂരജ് പറയുന്നത്
18ന് രാത്രി തന്റെ മുറിയിൽ കിടന്നു. അർദ്ധരാത്രി അജ്ഞാതരായ രണ്ട് പേർ തന്നെ ആക്രമിച്ചു. ബോധം നഷ്ടപ്പെടുംവരെ മർദ്ദിച്ചു. പുലർച്ചെ അഞ്ചിന് ബോധം വന്നപ്പോൾ കാൽവിരലുകൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. 15 ദിവസം മുമ്പ് രണ്ടുപേർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും സൂരജ് അവകാശപ്പെട്ടു. സർട്ടിഫിക്കറ്റ് ലഭിക്കാൻ പൊലീസ് റിപ്പോർട്ട് നിർബന്ധമായതിനാൽ സൂരജ് ആക്രമണത്തെക്കുറിച്ച് പരാതി നൽകി. തുടർന്ന് പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു.
പൊലീസ് കണ്ടെത്തിയത്
വിശദമായ അന്വേഷണത്തിൽ സൂരജിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. ഇയാളുടെ സുഹൃത്തിലൂടെ കള്ളക്കഥ പുറത്തുവന്നു. നേരത്തെയും അന്യായമായ മാർഗങ്ങളിലൂടെ വൈകല്യ സർട്ടിഫിക്കറ്റ് നേടാൻ സൂരജ് ശ്രമിച്ചിരുന്നുവെന്ന് സുഹൃത്ത് വെളിപ്പെടുത്തി.
സൂരജിന്റെ മുറിയിൽ നിന്ന് അനസ്‌തേഷ്യ വയറുകൾ, സിറിഞ്ചുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ പൊലീസ് കണ്ടെത്തി.
എം.ബി.ബി.എസിന് സീറ്റ് ലഭിക്കാത്തതിനാൽ സൂരജ് മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നു. സൂരജിന്റെ ഡയറിൽ താൻ എന്തുവില കൊടുത്തും ഈ വർഷം എം.ബി.ബി.എസ് നേടുമെന്ന് എഴുതിയിട്ടുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |