SignIn
Kerala Kaumudi Online
Thursday, 19 February 2026 12.33 AM IST

ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം, ഭാര്യയും വീട്ടുകാരും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

Increase Font Size Decrease Font Size Print Page
s

ബറേലി: ഒമ്പത് വർഷത്തെ പ്രണയത്തിനുശേഷം രണ്ടുമാസത്തിനു മുമ്പാണ് ജ്യോതിയും ജിതേന്ദ്ര കുമാറും വിവാഹിതരായത്.

എന്നാൽ തർക്കങ്ങൾക്കിടെ കഴിഞ്ഞ ദിവസം ജ്യോതി ജിതേന്ദ്രയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. അതും അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. 33 കാരനായ ജിതേന്ദ്ര കുമാർ യാദവിനെ

ഇസത്നഗർ പ്രദേശത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിതേന്ദ്ര ആത്മഹത്യ ചെയ്തതാണെന്നാണ് എല്ലാവരും വിശ്വസിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നപ്പോൾ നാട്ടുകാരും വീട്ടുകാരും ഞെട്ടി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. അന്വേഷണം ആരംഭിച്ച പൊലീസ് എത്തിനിന്നത് ജ്യോതിയുടെ മുമ്പിൽ. ജ്യോതിയും അച്ഛനും അമ്മയും ചേട്ടനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. ജിതേന്ദ്രയെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ജനൽ ഗ്രില്ലിൽ മൃതദേഹം തൂക്കിക്കെട്ടുകയായിരുന്നു.

ഓൺലൈൻ ചൂതുകളി,​

പണത്തെച്ചൊല്ലി തർക്കം

ഒരേ ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെയാണ് ജ്യോതിയും ജിതേന്ദ്രയും പ്രണയിക്കുന്നത്. ഒമ്പത് വർഷത്തിനുശേഷം കഴിഞ്ഞ

നവംബർ 25ന് ഇരുവരും വിവാഹിതരായി. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ആഴ്ചകൾക്കുള്ളിൽ, പണത്തെച്ചൊല്ലി തർക്കങ്ങളും പ്രശ്നങ്ങളുമുണ്ടായി. ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ജിതേന്ദ്ര 20,000 രൂപ പിൻവലിച്ചു. ഓൺലൈൻ ചൂതാട്ടത്തിൽ തുക നഷ്ടപ്പെട്ടതായി പിന്നീട് ജ്യോതി അറിഞ്ഞു. ഇത് അവർക്കിടയിൽ പ്രശ്നം വർദ്ധിപ്പിച്ചു. ജനുവരി 26ന്, പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം രൂക്ഷമാവുകയും മർദ്ദനത്തിലേക്കെത്തുകയും ചെയ്തു.

ആ സമയം ജ്യോതി തന്റെ മാതാപിതാക്കളെയും സഹോദരനെയും വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇറ്റാവ ജില്ലയിലെ ഭൗപോറ ഗ്രാമത്തിൽ നിന്നുള്ള ജിതേന്ദ്രയും ജ്യോതിയും വിവാഹശേഷം ഇസ്സത്നഗർ പ്രദേശത്തെ ഗിർജ ശങ്കർ കോളനിയിലെ വാടക വീട്ടിലായിരുന്നു താമസം.

ആത്മഹത്യയാക്കി തീർത്തു


ജ്യോതി ഫോൺ വിളിച്ചതോടെ അവളുടെ അച്ഛൻ കാളിചരൺ, അമ്മ ചമേലി, സഹോദരൻ ദീപക് എന്നിവർ വീട്ടിലെത്തിയതായി പൊലീസ് പറയുന്നു. തുടർന്നുണ്ടായ സംഘർഷത്തിനിടെ, മാതാപിതാക്കളും സഹോദരനും ജിതേന്ദ്രയെ തടഞ്ഞുനിറുത്തി കൈകളും കാലുകളും പിടിച്ചുവച്ചു. ജ്യോതി കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ജിതേന്ദ്രയുടെ അനക്കമറ്റതോടെ കൊലപാതകം ആത്മഹത്യയാക്കി തീർക്കാൻ

അവർ ശ്രമിച്ചു. മൃതദേഹം മഫ്ളർ ഉപയോഗിച്ച് ജനാലയുടെ ഗ്രില്ലിൽ കെട്ടിത്തൂക്കി. തുടർന്ന് അയൽക്കാരെ വിളിച്ച് മരുമകൻ ആത്മഹത്യ ചെയ്തതായി അറിയിച്ചു. ജനുവരി 26 ന് പൊലീസ് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പ്രാഥമിക നിഗമനത്തിലെത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

പരാതി നൽകി

ജിതേന്ദ്രയുടെ സഹോദരൻ അജയ് കുമാർ മരണത്തിൽ സംശയമുണ്ടെന്ന് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, ജ്യോതിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത പോലീസ് പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ഉത്തരവിട്ടു.

മരണകാരണം ശ്വാസംമുട്ടിയാണെന്നും കഴുത്ത് ഞെരിച്ചിട്ടുണ്ടെന്നും കണ്ടെത്തി. പൊലീസ് കൊലപാതക കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. ജ്യോതിയുടെ സഹോദരൻ ദീപക്കിനെയും പ്രതി ചേർത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

കുറ്റസമ്മതം

ചോദ്യം ചെയ്യലിൽ, ജ്യോതി കുറ്റം സമ്മതിച്ചതായും വിവരങ്ങളെല്ലാം നൽകിയതായും പൊലീസ് പറഞ്ഞു. വിദ്യാർത്ഥി കാലം മുതൽ ജിതേന്ദ്രയെ അറിയാമെന്ന് അവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ബറേലി ആസ്ഥാനമായുള്ള ഒരു പ്രമുഖ സർക്കാർ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കരാർ തൊഴിലാളിയായിരുന്നു ജിതേന്ദ്ര. ഉത്തർപ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ കരാർ ബസ് കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു ജ്യോതി. വിവാഹത്തിന് ശേഷമുള്ള ആഴ്ചകളിൽ സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ പതിവായതായി അവർ പറയുന്നു. സംഭവദിവസം വലിയ വഴക്കുണ്ടായി. തുടർന്ന് കുടുംബത്തെ വിളിച്ചു. വഴക്കിനിടെ, മാതാപിതാക്കളും സഹോദരനും ജിതേന്ദ്രയെ തടഞ്ഞുനിറുത്തി. ദേഷ്യത്തിലായിരുന്ന താൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും അവർ മൊഴി നൽകി.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY