
ന്യൂഡൽഹി: ജാർഖണ്ഡിൽ എയർ ആംബുലൻസ് വിമാനം തകർന്നുവീണ് ഏഴ് പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കംമാറും മുമ്പ്
ആൻഡമാനിലും അപകടം. ഇന്നലെ ആൻഡമാൻ തലസ്ഥാനമായ പോർട്ട്ബ്ളയറിന് 170 കിലോമീറ്റർ അകലെയുള്ള രംഗാത്തിൽ പറന്നുയർന്ന ഹെലികോപ്ടർ കടലിൽ വീണു. ആളപായമില്ല. രാവിലെ 9.30നാണ് സംഭവം. ദ്വീപിൽ യാത്രയ്‌ക്കായി ഉപയോഗിക്കുന്ന പവൻ ഹാൻസിന്റെ യൂറോകോപ്റ്റർ ഡൗഫിൻ മായബന്ദറിന് സമീപം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പൈലറ്റ് ക്യാപ്റ്റൻ അനിൽ ജാനു, സഹ-പൈലറ്റ് ക്യാപ്റ്റൻ ടി പി എസ് ഗുലിയ, യാത്രക്കാരായ രജിത ദേവി, കമലാ ചന്ദ്ര ദാസ്, ശിപ്ര സാഹ, നമ്പി അമ്മ, ഒരു കുട്ടി എന്നിവരെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റാഞ്ചി എയർ ആംബുലൻസ് ദുരന്തം
ഏഴര ലക്ഷം കടംവാങ്ങി യാത്ര
ജാർഖണ്ഡിൽ എയർ ആംബുലൻസ് വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ഏഴ് പേരാണ് ഇല്ലാതായത്. ലത്തേഹാർ ജില്ലയിലെ ചന്ദ്‌വയിൽ ഹോട്ടൽ നടത്തുകയായിരുന്ന സഞ്ജയ് കുമാർ ഷായ്ക്ക് (41)ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിൽ 65 ശതമാനം പൊള്ളലേറ്റു. സഞ്ജയിനെ ഡൽഹി ഗംഗാ റാം ആശുപത്രിയിൽ ചികിത്സിക്കാനും എയർആംബുലൻസ് ബുക്ക് ചെയ്യാനും ഭാര്യ അർച്ചനാ ദേവി ബന്ധുക്കളിൽ നിന്നും മറ്റും ഏഴര ലക്ഷം രൂപ കടംവാങ്ങിയിരുന്നു. അർച്ചനയും അപകടത്തിൽ മരിച്ചു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. റാഞ്ചിയിൽ ചികിത്സ തുടർന്നിരുന്നെങ്കിൽ സഞ്ജയ് സുഖപ്പെടുമായിരുന്നെന്നും മറ്റ് ആറ് ജീവനുകൾ നഷ്ടപ്പെടില്ലായിരുന്നെന്നുമാണ് ബന്ധുക്കൾ പറയുന്നത്. സഞ്ജയിന്റെ ബന്ധു ധ്രുവ് കുമാർ, ഡോക്ടർ വികാസ് കുമാർ ഗുപ്ത, നഴ്‌സ് സച്ചിൻ കുമാർ മിശ്ര, പൈലറ്റ് ക്യാപ്ടൻ വിവേക് വികാസ് ഭഗത്, സഹപൈലറ്റ് ക്യാപ്ടൻ സവ്രാജ്ദീപ് സിംഗ് എന്നിവരും അപകടത്തിൽ മരിച്ചു.
തിങ്കളാഴ്ച വൈകിട്ട് ഏഴോടെ റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട റെഡ്ബേർഡ് എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബീച്ച്ക്രാഫ്റ്റ് സി90 വിമാനവുമായുള്ള ബന്ധം 7.34ന് നഷ്‌ടമായി. മോശം കാലാവസ്ഥ അപകടമുണ്ടാക്കിയെന്നാണ് വിവരം. എയർക്രാഫ്‌റ്റ് ആക്‌സിഡന്റ് ബ്യൂറോ അന്വേഷണം തുടങ്ങി. ബ്ളാക്ക് ബോക്‌സിൽ നിന്നുള്ള വിവരങ്ങൾ നിർണായകമാകും. ജാർഖണ്ഡ് സർക്കാരും അന്വേഷണത്തിന് ഉത്തരവിട്ടു. ഛത്ര ജില്ലയിൽ കസാരിയ വനപ്രദേശത്ത് തകർന്നുവീണ വിവരം അറിഞ്ഞ് എസ്.എസ്.ബി ജവാൻമാരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. വഴി സൗകര്യമില്ലാത്ത സ്ഥലത്ത് രാത്രി രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചില്ലെന്ന് എസ്.എസ്.ബി ഓഫീസർ രമേശ് കുമാർ പറഞ്ഞു. ഛത്ര സർദാർ ആശുപത്രിയിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |