
പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ജെ.ഡി.യുവിൽ ചേർന്നു. നിതീഷ് രാജ്യസഭാംഗത്വം ഏറ്റെടുക്കുമ്പോൾ നിഷാന്ത് ഉപമുഖ്യമന്ത്രിയാകുമെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. സജീവ പ്രവർത്തകനായി സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനാണ് തീരുമാനമെന്ന് നിഷാന്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 'പിതാവിന്റെ മാർഗനിർദ്ദേശത്തിൽ പാർട്ടിക്കായി പ്രവർത്തിക്കും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും 51കാരനായ നിഷാന്ത് അറിയിച്ചു. നിതീഷിന്റെ മകനായിട്ടും നിഷാന്ത് രാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കുകയായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനിയറാണ്. നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ജെ.ഡി.യു നേതാക്കൾ സ്വാഗതം ചെയ്തു.
16ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനായി ബീഹാറിൽ നിന്ന് നിതീഷ് കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ബീഹാറിൽ
മുഖ്യമന്ത്രിസ്ഥാനം ബി.ജെ.പി ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ ബീഹാറിൽ ആദ്യമായി ബി.ജെ.പിക്ക് മുഖ്യമന്ത്രി പദവി ലഭിക്കും.
കുടുംബവാഴ്ചയെ
എതിർത്ത നിതീഷ്
കുടുംബ വാഴ്ചയെ എതിർത്ത നിതീഷിന് മകൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. എതിരാളി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കുടുംബവാഴ്ചയുടെ പേരിൽ വിമർശിച്ചയാളാണ് നിതീഷ്. കഴിഞ്ഞ ദിവസം പാട്നയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന നിർണായക യോഗത്തിന് ശേഷം കേന്ദ്രമന്ത്രിയും എം.പിയുമായ രാജീവ് രഞ്ജൻ സിംഗും എം.പി സഞ്ജയ് ഝായുമാണ് നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശം സ്ഥിരീകരിച്ചത്. പാർട്ടി അംഗത്വമെടുത്ത ശേഷം നിഷാന്ത് സംസ്ഥാനത്ത് ഒരു യാത്ര നടത്തുമെന്നും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |