ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ധുവുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ ഗാന്ധി കുടുംബവുമായി ഡൽഹിയിലെ പ്രിയങ്ക ഗാന്ധിയുടെ വസതിയിൽ ഇന്നലെ കൂടിക്കാഴ്ച നടത്തുമെന്ന നവജ്യോത് സിംഗ് സിദ്ധുവിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗുമായി തർക്കം തുടരുന്നതിനിടെയാണ് സിദ്ധു, രാഹുലിനെ കാണാനൊരുങ്ങിയത്.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ മൂന്ന് ദിവസത്തെ ഡൽഹി സന്ദർശന വേളയിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചിരുന്നില്ല. പാർട്ടിയുടെ പഞ്ചാബ് യൂണിറ്റിലെ വിഭാഗീയത അവസാനിപ്പിക്കാൻ കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി യോഗം ചേർന്നിരുന്നു. യോഗത്തിൽ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ഷംഷർ സിംഗ് ധില്ലൻ എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |