മുംബയ്: കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജാ സിംഘലിനൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷാ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച സംവിധായകൻ അവിനാഷ് ദാസിനെ അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
അഞ്ച് വർഷം മുമ്പെടുത്ത ഫോട്ടോയാണിതെന്ന് പൊലീസ് അറിയിച്ചു. അവിനാഷ് ഇപ്പോൾ ഈ ചിത്രം പങ്കുവച്ചത് അമിത് ഷായുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. ദേശീയ പതാക ധരിച്ചുനിൽക്കുന്ന സ്ത്രീയുടെ ചിത്രം പങ്കുവച്ചതടക്കം വിവിധ വകുപ്പുകൾ ചേർത്താണ് അവിനാഷിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഈ മാസം എട്ടിനാണ് 'അനാർക്കലി ഓഫ് ആരാ" എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അവിനാഷിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് പിന്നാലെ സംവിധായകന്റെ ട്വിറ്റർ, ഫേസ് ബുക്ക് പേജുകൾ അപ്രത്യക്ഷമായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കള്ളപ്പണക്കേസിൽ ഝാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജാ സിംഘലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൂജയ്ക്കെതിരായ കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |