കറാച്ചി : വാൾട്ട് ഡിസ്നിയുടെ ലോക പ്രശസ്തമായ കാർട്ടൂൺ കഥാപാത്രങ്ങളിൽ ഒന്നാണ് ഡംബോ എന്ന ആനക്കുട്ടി. വലിയ ചെവികളോട് കൂടിയ ഡംബോയെ ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. ഡംബോ ആനക്കുട്ടിയെ ഓർമ്മിപ്പിക്കും വിധം തലയ്ക്ക് ഇരുവശവും ചിറകുകൾ പോലെയുള്ള വലിയ ചെവികളാണ് സിംബയ്ക്കും. സിംബയാരാണെന്നല്ലേ. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കറാച്ചിയ്ക്കടുത്തുള്ള ആട്ടിൻകുട്ടിയാണ് സിംബ.
ലോകത്തിലെ ഏറ്റവും നീളം കൂടിയ ചെവിയുള്ള ആട് എന്ന റെക്കാഡ് സ്വന്തമാക്കാൻ തയ്യാറെടുക്കുകയാണ് സിംബ. 46 സെന്റിമീറ്ററാണ് സിംബയുടെ ചെവിയുടെ നീളം. ഇക്കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു സിംബയുടെ ജനനം. മുഹമ്മദ് ഹസ്സൻ നരേജോ എന്നയാളാണ് സിംബയുടെ ഉടമ. നടക്കുമ്പോൾ നിലത്തുമുട്ടുന്ന ഇരു ചെവികളോടുകൂടിയ സിംബ ഇപ്പോൾ നാട്ടിലും സോഷ്യൽ മീഡിയയിലും താരമാണ്.
നൂബിയൻ വിഭാഗത്തിൽപ്പെട്ട ആടാണ് സിംബ. നൂബിയൻ വിഭാഗത്തിലെ ആടുകൾക്ക് പൊതുവെ നീണ്ട ചെവിയുണ്ടെങ്കിലും ജനിതക വ്യതിയാനമാകാം സിംബയുടെ ചെവിയുടെ അസാമാന്യ നീളത്തിന് കാരണമെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |