
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 'മാനവ്' പദ്ധതിയെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്‌ട് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ എന്നതിന്റെ ഹിന്ദി പദമാണ് 'മാനവ് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
'അഞ്ച് പ്രധാന തത്വങ്ങളെ ഈ വാക്ക് പ്രതിനിധീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ധാർമ്മിക സംവിധാനം, ഉത്തരവാദിത്ത ഭരണം, ഡാറ്റയ്ക്കുള്ള അവകാശം ഉൾപ്പെടെ ദേശീയ പരമാധികാരം, ആക്സസ് ചെയ്യാവുന്നതും ഉൾക്കൊള്ളുന്നതുമായ സാങ്കേതികവിദ്യ, സാധുതയുള്ളതും നിയമാനുസൃതവുമായ സംവിധാനങ്ങൾ എന്നിവയാണത്. വയർലെസ് ആശയവിനിമയത്തിന്റെ കണ്ടുപിടുത്തത്തിന് തുല്യമായ ചരിത്രപരമായ പരിവർത്തനമാണ് എഐ. നമ്മൾ ഇന്ന് കാണുന്നതും പ്രവചിക്കുന്നതുമെല്ലാം അതിന്റെ സ്വാധീനത്തിന്റെ തുടക്കമാണ്.
യന്ത്രങ്ങളെ എഐ ബുദ്ധിയുള്ളതാക്കുന്നു. അതിലുപരി, മനുഷ്യന്റെ കഴിവുകളെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. ഒരുകാലത്ത് പതിറ്റാണ്ടുകൾ എടുത്തിരുന്ന സാങ്കേതിക വളർച്ച ഇപ്പോൾ വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നു. മെഷീൻ ലേണിംഗിൽ നിന്ന് "ലേണിംഗ് മെഷീനുകളിലേക്കുള്ള" മാറ്റം മുമ്പത്തേക്കാൾ വേഗമേറിയതായി'- നരേന്ദ്ര മോദി വ്യക്തമാക്കി.
ഫെബ്രുവരി 16 മുതൽ 20 വരെയാണ് എഐ ഇംപാക്ട് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയിൽ 500ലധികം ആഗോള നേതാക്കൾ, 150 അക്കാദമിക് ഗവേഷകർ, 400 ചീഫ് ടെക്നോളജി ഓഫീസർമാർ, വൈസ് പ്രസിഡന്റുമാർ, മനുഷ്യസ്‌നേഹികൾ തുടങ്ങിയവർ പങ്കെടുക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |