
ന്യൂഡൽഹി: 15കാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ സുപ്രീം കോടതി, കുഞ്ഞ് വേണ്ടെന്ന പെൺകുട്ടിയുടെ താത്പര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കമിതാക്കളുടെ ഗർഭമാണ് കോടതി കയറിയത്. മാതാവാണ് മകളുടെ ഗർഭച്ഛിദ്രത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. പെൺകുട്ടി ഇപ്പോൾ തന്നെ മാനസിക ബുദ്ധിമുട്ടുകൾ കാണിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
പ്രായപൂർത്തിയാകാത്ത,ഏഴു മാസം ഗർഭിണിയായ പെൺകുട്ടിയോട് അവൾക്ക് ആവശ്യമില്ലാത്ത ഗർഭം ചുമക്കണമെന്നും പ്രസവിക്കണമെന്നും നിർബന്ധിക്കാനാകില്ല. അങ്ങനെ ചെയ്യുന്നത് ജീവിക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്രമാണ്. മാനസികമായും വൈകാരികമായും ശാരീരികമായും ബാധിക്കും. അനാവശ്യ ഗർഭധാരണം ജനിക്കാൻ പോകുന്ന കുഞ്ഞിനെയും സ്വാധീനിക്കും. മെഡിക്കൽ റിപ്പോർട്ട് പ്രകാരം മാതാവിനും കുട്ടിക്കും ജീവന് ഭീഷണിയുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. പ്രസവിക്കുകയാണെങ്കിൽ കേന്ദ്ര സർക്കാർ ഏജൻസി മുഖേന കുട്ടിയെ ദത്തെടുക്കാമെന്ന വാദം കോടതി അംഗീകരിച്ചില്ല. കുട്ടിയെ നോക്കണമെന്നില്ല, ദത്ത് കൊടുക്കൂ എന്നെല്ലാം പെൺകുട്ടിയോട് പറയാൻ എളുപ്പമാണ്. ഗർഭച്ഛിദ്രം നടത്തണമെന്ന 15കാരിയുടെ തീരുമാനത്തെ മാനിക്കുകയാണ് വേണ്ടത്. ഡൽഹി എയിംസിൽ എല്ലാ മുൻകരുതലോടെയും ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകുകയാണെന്നും കോടതി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |