ന്യൂഡൽഹി: രാജ്യത്തെ അഴിമതി, സ്വജന പക്ഷപാതം, ക്രമസമാധാനത്തിനെതിരായ വെല്ലുവിളികൾ എന്നിവയ്ക്കെതിരെ ബി.ജെ.പി ശക്തമായ പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയുടെ 43-ാം സ്ഥാപക ദിനത്തിൽ ന്യൂഡൽഹിയിൽ ചേർന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഹനുമാനാണ് ഞങ്ങളുടെ ഈ നിലപാടിന് പിന്നിലെ ധൈര്യം. ഏത് വെല്ലുവിളിയേയും ഹനുമാനെ പോലെ കൂടുതൽ കരുത്തോടെ നേരിടാൻ ബി.ജെ.പി സജ്ജമാണ്. ഞങ്ങളുടെ പാർട്ടി ഹനുമാനിൽ നിന്നും പ്രചോദനമുൾക്കൊണ്ടവരാണ്. തങ്ങൾ ഹനുമാനെ പോലെ അനുകമ്പയും വിനയവുമുള്ളവരാണ്. എന്നാൽ ചില സമയങ്ങളിൽ ഹനുമാനെപ്പോലെ കർക്കശരാവാനും കഴിയും. വലിയ സ്വപ്‌നങ്ങൾ കാണുകയും ആ ലക്ഷ്യം നടപ്പിലാക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്നവരുമാണ് ഞങ്ങൾ. എന്നാൽ പ്രതിപക്ഷം ആകെ നിരാശയിലാണ്. 2024ലും ഞങ്ങളെ തോല്പിക്കാൻ അവർക്ക് കഴിയില്ല."" - പ്രധാനമന്ത്രി പറഞ്ഞു.
സാമൂഹ്യ നീതി ഞങ്ങൾക്ക് രാഷ്ട്രീയ മുദ്രാവാക്യമല്ല. മറ്റ് രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സാമൂഹ്യ നീതിയെ ഉപയോഗിക്കുകയാണ്. ഇവർ അവരുടെ കുടുംബങ്ങളെ മാത്രമാണ് സഹായിച്ചത്. എന്നാൽ ബി.ജെ.പി സാമൂഹ്യ നീതിയിലാണ് വിശ്വസിക്കുന്നത്. 800 ദശലക്ഷം ആളുകൾക്ക് സൗജന്യ റേഷൻ നൽകുന്നതും 500 ദശലക്ഷം പേർക്ക് സൗജന്യ മെഡിക്കൽ സേവനം ലഭ്യമാക്കുന്നതും 110 ദശലക്ഷം ആളുകൾക്ക് കക്കുസ് അനുവദിച്ചതും ഇതിന്റെ ഉദാഹരണങ്ങളാണ്. 2014ൽ ഉണ്ടായത് വെറും ഭരണമാറ്റം മാത്രമല്ല, 800 വർഷത്തെ അടിമത്തത്തിൽ നിന്നുമുള്ള ഉയർത്തെഴുന്നേല്പായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1947ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടെങ്കിലും രാജ്യത്തെ പുതിയ നേതാക്കളിലും അടിമത്തത്തിന്റെ ചിന്താഗതിയാണുണ്ടായിരുന്നത്. ജമ്മു കാശ്മീരിൽ സമാധാനം കൈവരുമെന്ന് അവർക്ക് ഒരിക്കലും ചിന്തിക്കാനാകുന്നില്ല. പോരാട്ടത്തിൽ തോറ്റ പ്രതിപക്ഷം മോദിയുടെ ശവക്കുഴി തോണ്ടാൻ വേണ്ടി പരിശ്രമിക്കുകയാണ്. രാജകുടുംബ മനസ്ഥിതിയുള്ള ഇക്കൂട്ടർ ജനങ്ങൾ ബി.ജെ.പിയുടെ പിന്നിലാണെന്ന് തിരിച്ചറിയുന്നില്ല. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |